KOYILANDY DIARY.COM

The Perfect News Portal

അനാഥത്വം പേറി നാടിന്റെ നൊമ്പരമായ സഹോദരിമാര്‍ക്ക് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വീടൊരുക്കുന്നു

മാവേലിക്കര: മാതാപിതാക്കളുടെ അകാലത്തിലുള്ള മരണം സമ്മാനിച്ച അനാഥത്വം പേറി നാടിന്റെ നൊമ്പരമായ സഹോദരിമാര്‍ക്ക് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വീടൊരുക്കുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ കരിപ്പുഴ പദ്മസദനത്തില്‍ പരേതരായ സന്‍മഥന്റേയും ജഗദമ്മയുടേയും മക്കളായ സലിജക്കും സിലിജക്കുമാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി വീടു നിര്‍മിച്ചു നല്‍കുന്നത്.

വീടിന്റെ കോണ്‍ക്രീറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് നിര്‍വഹിച്ചു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കൃഷ്ണമ്മ, ഉഷാകുമാരി, ശോഭാരാജന്‍, ജ്യോതിലക്ഷ്മി, സുലു, രജീഷ്, അനു എന്നിവര്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്കു മുമ്ബ് സലിജയുടെയും സിലിജയുടെയും അമ്മ ജഗദമ്മ രോഗം ബാധിച്ചു മരിച്ചിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്ത് രോഗം ബാധിച്ച്‌ സന്‍മഥനും മരിച്ചതോടെ ഈ സഹോദരിമാര്‍ തികച്ചും അനാഥരായി. സിലിജ, കളമശ്ശേരി ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റിനും സലിജ ചേര്‍ത്തലയില്‍ പ്ലസ്ടുവിനുമാണ് പഠിക്കുന്നത്.

ബന്ധുവീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇവരിപ്പോഴും അനാഥമന്ദിരത്തിലാണ് കഴിയുന്നത്. കഷ്ടിച്ച്‌ മൂന്നു സെന്റ് മാത്രമുള്ള ഭൂമിയിലെ വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി നാലു ലക്ഷം രൂപ ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുന്നത്.

Advertisements

2018 ഡിസംബര്‍ 28 നാണ് വീടിന് തറക്കല്ലിട്ടത്. ജനുവരി മൂന്നിനുള്ളില്‍ തന്നെ ഇവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. കുംഭ ഭരണിക്ക് മുമ്ബു തന്നെ നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ഇവരെ താമസിപ്പിക്കാനായിരുന്നു തീരുമാനം. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വീടിന്റെ കോണ്‍ക്രീറ്റിങ് വരെയുള്ള ഘട്ടം പൂര്‍ത്തീകരിക്കാനായെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ രഘുപ്രസാദ് പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ട്, വനിതകളുടെ തൊഴില്‍ പരിശീലന പദ്ധതിയില്‍ പെടുത്തി, വിവിധ പഞ്ചായത്തുകളിലെ പത്തു സ്ത്രീ തൊഴിലാളികളെയും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ രണ്ടു മേസ്തരിമാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

വീടിന് അനുവദിച്ച നാലു ലക്ഷത്തിന് പുറമേ 45 ദിവസത്തെ പരിശീലനത്തിന് മേസ്തരിമാര്‍ക്ക് 1,27,800 രൂപയും വനിതാ മേസ്തരിമാര്‍ക്ക് 1,12,500 രൂപയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള 24,480 രൂപയും ഉള്‍പ്പടെ 6,72,780 രൂപയാണ് ആകെ ചെലവഴിക്കുന്നത്.

ഇതിനുപുറമേ ഐഡബ്ല്യുഎംബി പദ്ധതിയില്‍ പെടുത്തി 14,000 രൂപ ചെലവഴിച്ച്‌ കിണറും നിര്‍മിച്ചു നല്‍കും. അനാഥമന്ദിരം വിട്ട് നാട്ടിലെത്തുന്ന സലിജക്കും സിലിജക്കും അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം.

Share news

Leave a Reply

Your email address will not be published. Required fields are marked *