വ്യാപാരികളുടെ അന്നം മുട്ടിച്ച് യൂത്ത് ലീഗിൻ്റെ എം.എൽ.എ ഓഫീസ് മാർച്ച്

കൊയിലാണ്ടി: വ്യാപാരികളുടെ അന്നം മുട്ടിച്ച് യൂത്ത് ലീഗിൻ്റെ എം.എൽ.എ ഓഫീസ് മാർച്ച്. സംഭവത്തിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ന് രാവിലെയാണ് കൊയിലാണ്ടി ടൌൺഹാളിൽ പ്രവർത്തിക്കുന്ന കാനത്തിൽ ജമീല എം.എൽ.എ.യുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് ചില ആരോപണങ്ങളുമായി മാർച്ച് നടത്തിയത്. മാർച്ച് എത്തുന്നതിനു മുമ്പ് കൊയിലാണ്ടി പോലീസ് ബാരിക്കേഡ് ഉയർത്തി ടൌൺഹാളിൻ്റെ ഗേറ്റ് അടച്ചതോടെ വ്യാപാരികൾ ശരിക്കും പകച്ചുപോയി. 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ഗേറ്റ് തുറക്കാൻ തയ്യാറായത്.

15 ദിവസമായിട്ട് വൈദ്യുതി ഇല്ലാതെ സ്ഥാപനങ്ങൾ പൂട്ടേണ്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗ് വക 4 മണിക്കൂർ ഉപരോധം ഉണ്ടായത്. ഇതോടെ വ്യാപാരികൾ മാത്രമല്ല ടൌൺഹാളിൽ വാഹനം പാർക്ക് ചെയ്തവരും വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും പെരുവഴിയിലാവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി എം.എൽ.എ ഓഫീസിനടുത്തെത്തിയ നിരവധി പാവങ്ങളും അകത്തു കടക്കാനാകാതെ തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു.

ടൌൺഹാളിൽ സമരം തെരഞ്ഞെടുത്തവർ വ്യാപാരി സമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം നേതാക്കളും വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാതെ പരിഹരിക്കപ്പെട്ട ആവശ്യങ്ങൾക്കായി വീണ്ടും പ്രഹസന സമരം നടത്തുന്ന ചില പ്രതിപക്ഷ സംഘടനകളെ ജനങ്ങൾ തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു.

യൂത്ത് ലീഗംദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഫറഫ് അലി, കെകെ റിാസ്, സി ഹനീഫ് മാസ്റ്റർ, സമദ് പൂക്കാട്, ടി. അഷറഫ്,മഠത്തിൽ അബ്ദുറഹിമാൻ, സമദ് നചേരി, ബാസിദ്, പികെ മുഹമ്മദലി, എ. അസീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. നന്ദിപറഞ്ഞ് സമരം പിരിച്ചുവിട്ടശേഷം പോലീസിനെതിരെ തിരിഞ്ഞ പ്രവർത്തകർ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കാൻ നോക്കിയതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

