KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടയിൽ നവകേരള സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാവും പ്രവർത്തകരും എത്തിയത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായി

കൊയിലാണ്ടിയിൽ നവകേരള സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാവും പ്രവർത്തകരും എത്തിയത് മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയായി. യൂത്ത് ലീഗ് മുൻസിപ്പൽ സിക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയുമായ ഷൗക്കത്തലി കൊയിലാണ്ടിയും നിരവധി അനുഭാവികളും പ്രവർത്തകരുമാണ് നവകേരള സദസ്സിൽ അണിനിരന്നത്. നഗരസഭയിലെ തീരദേശ വാർഡുകളിൽ നിന്നായി വിവിധ ആവശ്യങ്ങൾ അനുവദിച്ചുകിട്ടുന്നതിനായി മുസ്ലിംലീഗ് അനുഭാവികളായ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് നിവേദനങ്ങളുമായി നവകേരള സദസ്സിന് എത്തിയത്.

കഴിഞ്ഞ ദിവസം നവകേരള സദസ്സിൻ്റെ വിജയത്തിനായി സ്വാഗതസംഘം നേതൃത്വത്തിൽ ടൌൺഹാളിൽ വെച്ച് നടത്തിയ അനുബന്ധ പരിപാടിയായ മെഹന്തി ഫെസ്റ്റിൽ ഷൗക്കത്തലി കൊയിലാണ്ടിയുടെ ഭാര്യ ഫാത്തിമയും മകൻ ആദിൽ അഹമ്മദും സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നവകേരള സദസ്സിൻ്റെ വിജയത്തിനായി ഇവർ രംഗത്ത് വരികയും സംഘാടകസമിതിയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫിൻ്റെ ബഹിഷ്ക്കരണം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് സദസ്സ് നടക്കുന്ന പന്തലിൻ്റെ മുൻ നിരയിൽ നിരവധി ലീഗ് അനുഭാവികളും സ്ഥാനംപിടിച്ചിരുന്നു.

കൊയിലാണ്ടി ടൌണിലെ ചില റോഡുകളുടെ ശോചനീയാവസ്ഥയിലും, പഴയ ചിത്രാ ടാക്കീസ് റോഡ് നവീകരണത്തിനായും പൊതു ആവശ്യം എന്ന നിലക്ക് നവകേരള സദസിലെ കൌണ്ടറിലെത്തി ഇവർ നിവേദനം സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നവകേരള സദസ്സ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത ലീഗ് നേതൃത്വത്തിന് സംഭവം നാണക്കേടായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ലീഗിനകത്ത് വിഷയം ചർച്ചയാകും എന്നതിൽ തർക്കമില്ല. നാടിൻ്റെ പുരോഗതിക്കായി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കാൻ തയ്യാറാകണമെന്ന സന്ദേശമാണ് നവകേരള സദസ്സിൽ പങ്കെടുത്ത യൂത്ത് ലീഗ് പ്രവർത്തകർ നൽകുന്നത്.

Advertisements

നവകേരള സദസ്സ് സഞ്ചരിച്ച വഴിയിലുടനീളെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ എത്തുന്നത് ലീഗിൽ പുതിയ സമവാക്യങ്ങളാണ് ഉടലെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നവകേരള സദസ്സിൻ്റെ പ്രഭാത യോഗത്തിൽ ലീഗ് നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്തത് ലീഗിനകത്ത് ചൂടേറിയ ചർച്ച നടക്കുകയാണ്.

Share news