KOYILANDY DIARY.COM

The Perfect News Portal

യുവ എഴുത്തുകാരിയുടെ പരാതി; സംവിധായകൻ വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു

കൊല്ലം: യുവ എഴുത്തുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നടപടി. സ്റ്റേഷനിൽ വ്യാഴാഴ്ച പകൽ 10.30ന് എത്തിയ വി കെ പ്രകാശ് നടപടിക്രമങ്ങൾ പൂർത്തിയാക്കി 12.30ന് പുറത്തിറങ്ങി. രണ്ടുപേരുടെ ജാമ്യത്തിലാണ് വിട്ടത്.

 

അന്വേഷണ ഉദ്യോഗസ്ഥൻ പള്ളിത്തോട്ടം സ്റ്റേഷൻ ഹൗസ്‌ ഓഫീസർ വി ഷെഫീക്കിന്റെ മുമ്പാകെ മൊഴി നൽകാൻ ചൊവ്വാഴ്ചയാണ് ഹാജരായത്. മൂന്നു ദിവസത്തെ മൊഴിയെടുപ്പിനു ശേഷം ജാമ്യം നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. കൊല്ലത്തെ ഹോട്ടലിൽ 2022 ഏപ്രിലിൽ കഥ പറയാൻ എത്തിയ എഴുത്തുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. യുവതിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

 

ഹോട്ടലിൽ പൊലീസ് നേരത്തെ തെളിവെടുത്തിരുന്നു. യുവതിയെ അറിയാമെന്നും എന്നാൽ, ലൈംഗികാതിക്രമം നടത്തിയില്ലെന്നും കഴിഞ്ഞദിവസം പൊലീസിനു വി കെ പ്രകാശ് മൊഴി നൽകിയിരുന്നു. ടാക്സി കൂലിയായാണ് തന്റെ ഡ്രൈവർ മുഖേന 10,000രൂപ യുവതിക്കു നൽകിയതെന്നും പറഞ്ഞു. ഇരുവരുടെയും മൊഴി ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് ഈ ആഴ്ച പ്രത്യേക അന്വേഷക സംഘത്തിനു നൽകും.

Advertisements
Share news