KOYILANDY DIARY

The Perfect News Portal

വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

കോഴിക്കോട്‌: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന്‌ 13 ലക്ഷം രൂപ തട്ടിയ യുവാവ്‌ പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ്‌ നംഷീർ (32) ആണ്‌ ബംഗളൂരുവിൽ പിടിയിലായത്‌.  കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശിനിയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ദുബായിൽ എൻജിനിയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റ്‌ വഴിയാണ്‌ ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിച്ചത്‌. വിവാഹ വാഗ്‌ദാനവും നൽകി. ഒരു കേസിൽനിന്ന്‌ രക്ഷപ്പെടാനായി പണം ആവശ്യമുണ്ടെന്ന്‌ പറഞ്ഞ്‌ പല തവണയായി 13 ലക്ഷം രൂപയാണ്‌  കൈക്കലാക്കിയത്‌.
Advertisements
 രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്‌റ്റർചെയ്യുന്ന സ്‌ത്രീകളെ ലക്ഷ്യമിട്ടാണ്‌ ഇയാൾ തട്ടിപ്പ്‌ ആസൂത്രണം ചെയ്യുന്നതെന്ന്‌ പൊലീസ്‌ പറയുന്നു. പ്രതി രണ്ട്‌ വിവാഹം കഴിച്ചിട്ടുണ്ട്‌. പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ തട്ടിപ്പ്‌.
മാട്രിമോണിയൽ സൈറ്റിലെ വിവരങ്ങൾ, പ്രതിയുടെ കോൾ ലിസ്‌റ്റ്‌, സാമൂഹിക മാധ്യമ അക്കൗണ്ട്‌, ബാങ്ക്‌ എക്കൗണ്ട്‌ ഇടപാടുകൾ എന്നിവ പൊലീസ്‌ പരിശോധിച്ചിരുന്നു. ഇയാൾ  ബംഗളൂരുവിൽ പലയിടത്തായി വ്യാജ വിലാസത്തിൽ താമസിക്കുകയായിരുന്നു. സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ദിനേശ്‌ കോറോത്ത്‌, എഎസ്‌ഐ ജിതേഷ്‌ കൊള്ളങ്ങോട്ട്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ രാജേഷ്‌ ചാലിക്കര, കെ ആർ. ഫെബിൻ എന്നിവർ സംഘത്തിലുണ്ടായി.