KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ തങ്കമല ക്വാറി – ആശങ്കകൾ പരിഹരിക്കണം

മേപ്പയ്യൂർ: തങ്കമല ക്വാറി – ആശങ്കകൾ പരിഹരിക്കണം. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തങ്കമല ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി റവന്യു വകുപ്പ് അടിയന്തിര ഇടപെടൽ നടത്തണമെന്ന് സി.പി.ഐ മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തങ്കമല ക്വാറിയിൽ നിന്നും പുറത്തേക്ക് വരുന്ന രാസ മാലിന്യങ്ങളും, പൊടി ശല്യവും പരിസരവാസികൾക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ക്രഷറിന്റെ പ്രവർത്തനം ജനങ്ങളുടെ സ്വൈരജീവിതത്തിനും ഉറക്കത്തിനും തടസ്സമാവുകയാണ്. പാറ ഖനനം ചെയ്തുണ്ടായ വലിയ കുളത്തിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഏതു നേരവും മലയിടിച്ചിൽ ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഒരു സ്വകാര്യകമ്പനിയുടെ നേതൃത്വത്തിലാണ് നിയന്ത്രണമില്ലാത്ത ഖനനവും ക്രഷറിന്റെ പ്രവർത്തനവും നടക്കുന്നത്.
Advertisements
സി.പി.ഐ. കോഴിക്കോട് ജില്ലാ എക്സി. കമ്മിറ്റി അംഗം അജയ് ആവള, മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി.ബിജു, ജില്ലാ കൗൺസിൽ അംഗം പി. ബാലഗോപാലൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബാബു കൊളക്കണ്ടി, കീഴരിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. കെ. വിജയൻ , എ.ഐ.വൈ എഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, ഇ. ടി. ബാലൻ, വി .കെ. നാരായണൻ, എം. കെ. കുഞ്ഞികണ്ണൻ, കെ. കെ. ചന്ദ്രൻ, വി.ടി. നാരായണൻ എന്നിവരടങ്ങുന്ന സംഘം ക്വാറിയും ക്രഷറും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.