KOYILANDY DIARY.COM

The Perfect News Portal

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുത്: ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ബാക്കിയാണെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എംബി സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.

താൻ ധരിക്കുന്ന വസ്ത്രത്തെ അടിസ്ഥാനമാക്കി കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ രണ്ടു കുട്ടികളുടെ അമ്മയായ ഒരു യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ‘ഏതു വസ്ത്രമാണ് ധരിക്കേണ്ടതെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്റെ പേരിൽ കോടതിയുടെ മോറൽ പൊലീസിങ്ങിന് വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്’- ഹൈക്കോടതി പറഞ്ഞു.

 

പരസ്പര സമ്മതത്തോടെ ഈ വർഷം ആദ്യം യുവതി വിവാഹമോചനം നേടിയിരുന്നു. ഈ യുവതിയാണ് മാവേലിക്കര കുടുംബകോടതി കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ശരീരം പുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു എന്നിങ്ങനെയുള്ള കാരണങ്ങളിൽ കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.

 

Advertisements

അതേസമയം, വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചത്തിനും മാവേലിക്കര കുടുംബകോടതി യുവതിയെ കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതരായ സ്ത്രീകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന തരത്തിലുള്ള കുടുംബകോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനേ കഴിയില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

Share news