KOYILANDY DIARY.COM

The Perfect News Portal

വന്യജീവി ആക്രമണം; മന്ത്രി സംഘം ഇന്ന് വയനാട്ടിൽ

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. രാവിലെ 10ന്‌ ബത്തേരി ടൗൺ ഹാളിൽ നടക്കുന്ന അവലോകന യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, തദ്ദേശമന്ത്രി എം ബി രാജേഷ്‌ എന്നിവർ പങ്കെടുക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ മന്ത്രിതലസംഘം ജില്ലയിൽ എത്തുന്നത്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്ന ഉന്നതതല യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ നടപടിയെടുക്കും. പ്രതിരോധ പദ്ധതികളുടെ പുരോഗതി വിലയിരുത്തും.

 

വീഴ്‌ചമറയ്‌ക്കാൻ 
നഷ്‌ടപരിഹാരവുമായി കർണാടകം

Advertisements

വയനാട്ടിൽ മോഴയാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകാനുള്ള കർണാടകത്തിന്റെ തീരുമാനത്തിനു പിന്നിൽ വീഴ്‌ചമറയ്‌ക്കാനുള്ള നീക്കം. പിടികൂടിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച്‌ വയനാട്ടിന്റെ അതിർത്തിയോട്‌ ചേർന്ന്‌ കൊണ്ടുവിട്ടശേഷം കേരളത്തിന്‌ വിവരങ്ങൾ കൈമാറാതിരുന്ന കർണാടകത്തിന്റെ നടപടി ജനരോഷത്തിന്‌ ഇടയാക്കിയിരുന്നു. ഇത്‌ മറച്ചുവെയ്‌ക്കാനുള്ള ഇടപെടലാണ്‌ നഷ്‌ടപരിഹാരം.

 

കർണാടകം 14 ആനകളെ പിടികൂടി കോളർ ഘടിപ്പിച്ച്‌ വിവിധ വനമേഖലകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു എന്നാണ്‌ വിവരം. അതിൽ രണ്ടെണ്ണമാണ്‌ വയനാട്ടിലിറങ്ങിയത്‌.  എന്നാൽ റേഡിയോ കോളർ നിരീക്ഷണത്തിനുള്ള ആന്റിന കേരളത്തിന്‌ കൈമാറിയില്ല. ആന്റിന സ്വന്തം നിലയ്‌ക്ക്‌ വാങ്ങിയാണ്‌ കേരളം ആനയെ നിരീക്ഷിച്ചത്‌.

Share news