കൂട്ടംതെറ്റി കാട്ടാനക്കുട്ടി ജനവാസമേഖലയില്‍

കൽപ്പറ്റ: വയനാട്ടില്‍ കാട്ടാനക്കുട്ടി ജനവാസമേഖലയില്‍ ഇറങ്ങി. പുല്‍പ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് ആനക്കുട്ടിയെ ഓവുചാലില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നു നില്ക്കുന്ന പ്രദേശമാണിത്.

പുല്പ്പള്ളിയില്നിന്ന് കുറുവാ ദ്വീപിലേക്ക് പോകുന്ന പാതയിലുള്ള ചെറിയ ടൗണാണ് കുറിച്ചിപ്പറ്റ. ആനക്കുട്ടിയെ കണ്ടെത്തിയ സ്ഥലത്തോട് ചേര്‍ന്ന് അമ്മയാനയടക്കമുള്ള കാട്ടാനക്കൂട്ടമുണ്ടായിരുന്നു. ഈ കാട്ടാനക്കൂട്ടത്തില്നിന്നാണ് ആനക്കുട്ടി വഴിതെറ്റി വന്ന് ജനവാസമേഖലയില്‍ എത്തിയത്.

നാട്ടുകാര്‍ കാട്ടാനക്കുട്ടിയെ ഓവുചാലില്‍നിന്ന് കരകയറ്റിയപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്ന് കാട്ടാനക്കൂട്ടത്തെ കണ്ടെത്തുകയും അമ്മയാനയ്ക്കൊപ്പം ആനക്കുട്ടിയെ വിടുകയുമായിരുന്നു. ആനക്കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ഒന്നുമില്ല.

