KOYILANDY DIARY

The Perfect News Portal

KKC ശിവേട്ടൻ ഓർമ്മയാകുമ്പോൾ..

കൊയിലാണ്ടിക്കാരുടെ KKC ശിവേട്ടൻ ഓർമ്മയാകുമ്പോൾ.. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിലെ സൈക്കിൾ ഷോപ്പ് ഉടമ KKC ശിവേട്ടൻ (ശിവദാസൻ) (70) ട്രെയിൻ തട്ടി മരിച്ച വിവരം നാടെങ്ങും പടർന്ന് പിടിച്ചപ്പോൾ കൊയിലാണ്ടിക്കാരുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടിരിക്കുയായിരുന്നു.. അദ്ധേഹവുമായി അത്രയേറെ ആത്മബന്ധം ഉണ്ടാക്കിയ ഒരു വലിയ ജനക്കൂട്ടം കൊയിലാണ്ടിയിലുണ്ട് എന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ശിവേട്ടൻ്റെ KKC സൈക്കിൾ ഷോപ്പ് എന്നത് കൊയിലാണ്ടിയുടെ ഒരു അടയാളമായിരുന്നു.

ഉപജീവനത്തിനാണെങ്കിലും 1975 കാലഘട്ടത്തിൽ സാധാരണക്കാരന് സൈക്കിൾ എന്ന മോഹം സാധ്യാമക്കാൻ ആ കാലത്ത് കൊയിലാണ്ടിയിൽ സൈക്കിളുകൾ വാടകക്ക് കിട്ടുന്ന സ്ഥലം അന്വേഷിച്ചാൽ അത് എത്തിച്ചേരുക ശിവേട്ടനിലേക്കായിരുന്നു. ഒരു നല്ല കാലാകാരനും ഹൃദയസ്പർശിയായ വ്യക്തികൂടിയായിരുന്നു കൊയിലാണ്ടിക്കാർക്ക് ശിവേട്ടൻ..

മുത്താമ്പി റോഡിൽ നിന്ന് പഴയ റെയിൽവെ ക്രോസും കടന്ന് എത്തുന്ന സ്റ്റേഷൻ റോഡിലുള്ള ആ ചെറിയ കുടുസ്സു മുറി ഈ നിമിഷംവരെ ശിവേട്ടൻ്റെ സാന്നിദ്ധ്യത്തിൽ സമ്പുഷ്ടമായിരുന്നു. ഏറെ കഥകൾ പറയാനുള്ള കൊയിലാണ്ടിക്കാരുടെ ഒരു ഇടമായിരുന്നു ആ സൈക്കൾ ഷോപ്പ്. സ്റ്റേഷൻ റോഡിലെ പഴയ വിക്ടറി ടാക്കീസ് ഉള്ള കാലത്താണ് ശിവേട്ടൻ സൈക്കിൽ ഷോപ്പ് തുടങ്ങിയത്. വിക്ടറി ടാക്കീസിന് സമീപം കടലക്കച്ചവടം നടത്തിയ പരിചയവും ശിവേട്ടനുണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്ന റെയിൽവെ സ്റ്റേഷൻ റോഡും പഴയ കച്ചവടക്കാരിൽ പലരും നമ്മെ വിട്ടു പിരിഞ്ഞപ്പോഴും ശിവേട്ടൻ അവിടത്തന്നെ ഉണ്ടായിരുന്നു.

Advertisements

സ്കൂൾ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെ ഇവിടെ നിന്നാണ് സൈക്കിളുകൾ വാടകക്കെടുത്ത് സവാരി നടത്താറുള്ളത്. വാടക കൊടുക്കാൻ കൈയ്യിൽ പണമില്ലാത്ത ആ കാലത്ത് കശുവണ്ടി പെറുക്കിയും മട്ടിപ്പാല പെറുക്കിയും വിറ്റു കിട്ടുന്ന  അന്നത്തെ തുച്ഛമായ പണം ഉപയോഗിച്ചാണ് പ്രത്യേകിച്ച് കുട്ടികൾ ശിവേട്ടനിൽ നിന്ന് സൈക്കിളുകൾ വാടകക്കെടുക്കാറുണ്ടായിരുന്നത്. ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കുന്നവർക്ക് ഇന്നും ശിവേട്ടൻ എന്നത് ഒരു കൂടപ്പിറപ്പാണ്…

കാവണ്ടി, അരവണ്ടി, മുക്കാവണ്ടി, ഒരുവണ്ടി ഓരോന്നിനും ഒരു മണിക്കൂറിനാണ് പൈസ 10 പൈസ മുതൽ 1 രൂപ വരെ വാടക വാങ്ങിയായിരുന്നു എന്നാണ് ഒരു ചെറിയ ഓർമ്മ… അക്കാലത്ത് ശിവേട്ടൻ്റെ ജീവിതം അങ്ങിനെയായിരുന്നു മുന്നോട്ട് പോയിരുന്നത്. പിന്നീട് സഹോദരനെ സൈക്കൾ ഷോപ്പ് ഏൽപ്പിച്ച് ഏറെക്കാലം പ്രവാസ ജീവിതം നയിച്ച ശിവേട്ടൻ വീണ്ടും ആ പഴയ സംവിധാനത്തിലേക്ക് കടന്നുവരികയായിരുന്നു..

ഏത് തരത്തിലുള്ള സൈക്കിളുകളും ചെറിയ മോട്ടോർ സൈക്കികളും ഇതോടൊപ്പം റിപ്പേർ ചെയ്ത് തുച്ഛമായ പൈസ വാങ്ങി വലിയ സുഹൃദ് ബന്ധമാണ് അദ്ധേഹം ഉണ്ടാക്കിയത്. ആദ്യ ഘട്ടത്തിൽ കൈകൊണ്ട് പെയൻ്റിംഗ് നടത്തി ഏറെ കാലത്തിനൊടുവിൽ കംപ്രഷർ ഉപയോഗിച്ച് സ്പ്രേ പെയിൻ്റംഗും ആരംഭിച്ച് ഏത് പഴകിയ സൈക്കിളുകളും പുത്തൻ വണ്ടികളാക്കി മാറ്റാൻ ശിവേട്ടന് പ്രത്യേക കഴിവായിരുന്നു ഉണ്ടായിരുന്നത്. പഴകി തുരുമ്പെടുത്ത സൈക്കിളുകൾ പുഴിയും ഉരക്കടലാസും ഉപയോഗിച്ച് വെളുപ്പിച്ച് മട്ടിയും അതിന് മുകളിൽ നമ്മുടെ ഇഷ്ട കളർ ചാർത്തും. ഭംഗി കൂട്ടാൻ  ഹെർക്കുലീസ് കമ്പനിയുടെ സ്റ്റിക്കറുകൾ പതിച്ച് ചെയിൻ കവറിൽ ഗോൾഡൻ പെയിൻ്റിൽ ലൈൻ തയ്യാറാക്കും പിന്നീട് ഒരു പുതിയ വണ്ടിയായി മാറും.. ആ പുതിയ വണ്ടി ഒരു ഓർമ്മതന്നെയാണ് ഇന്ന് പലർക്കും…

ഒരു നല്ല ചിത്ര കാലാകാരനും കൈയ്യെഴുത്ത് ഉടമകൂടിയായിരുന്നു അദ്ധേഹം.. വാഹനങ്ങൾക്ക് നമ്പർ പ്ലൈറ്റും നെയിം ബോർഡും എഴുതാനും നിവരധിപേരാണ് ദൂരദിക്കിൽ നിന്ന് ശിവേട്ടനെ തേടിയെത്താറുള്ളത്. അന്നത്തെ റെയിൽവെ ഉദ്യോഗസ്ഥരും പെയിൻ്റിംഗുകൾക്കായി അദ്ധേഹത്തെ സമീക്കാറുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ പല പെയിൻ്റിംഗ് ഗാലറികളിലും പല വീടുകളിലും ഇന്നും ശിവേട്ടൻ വരച്ച നിരവധി ചിത്രങ്ങൾ മായാതെ കിടപ്പുണ്ട്…  ജീവൻ തുടിക്കുന്ന ആ ചിത്രങ്ങൾ ശിവേട്ടനെ എക്കാലത്തും ഒർമ്മിക്കും… തീർച്ച…

ആരോഗ്യസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നെങ്കിലും തൻ്റെ തൊഴിലടത്ത് സമീപ ദിവസംവരെ അദ്ധേഹം എത്തിയിരുന്നു.. കഴിഞ്ഞ 50 വർഷത്തിലേറെയായി റെയിൽവെ സ്റ്റേഷൻ റോഡിലെ നിറ സന്നിദ്ധ്യമായിരുന്നും അദ്ധേഹം.. ഒരുപാടു സൌഹദങ്ങളും ബന്ധങ്ങളും തുന്നിച്ചേർത്ത് മുന്നോട്ട് പോകുന്നതിനിടയിലാണ് ഇന്ന് കാലത്താണ് റെയിൽവെ ട്രാക്കിൽ ആ ജീവിതം അവസാനിച്ച വാർത്ത നാടിനെ നൊമ്പരപ്പെടുത്തിയത്… വിട…

മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും..