KOYILANDY DIARY

The Perfect News Portal

ഓരോ പെണ്‍കുഞ്ഞിൻ്റെയും നേട്ടങ്ങളെയും കഴിവുകളെയും നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിൻ്റെയും നേട്ടങ്ങളെയും കഴിവുകളെയും നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പല കുട്ടികള്‍ക്കും പലതരത്തിലുള്ള കഴിവുകളായിരിക്കും അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും വേണം. എല്ലാ ദിവസവും കുഞ്ഞുങ്ങളുമായി സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ബാലികാ ദിനത്തില്‍ ഇതെല്ലാവരും ഓര്‍ക്കേണ്ടതാണ്. പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും വീടിനുള്ളിലും പുറത്തും പൊതുയിടങ്ങളിലും ഒരു പോലെ അവസരം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
Advertisements
ബാലികാ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് മന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. മന്ത്രിയുമായി കുട്ടികള്‍ ആശയ വിനിമയം നടത്തി. സമൂഹത്തില്‍ സ്ത്രീകളുടെ തുല്യത, അവകാശ സംരക്ഷണം, സ്ത്രീധന നിരോധനം എന്നിവയെ പറ്റി കുട്ടികളുമായി ചർച്ച നടത്തി അവരുടെ സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സര്‍വൈവറേസ് പ്രൈമറി അസസ്‌മെൻ്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മാരേജ് പഠന പ്രഖ്യാപനം, സിറ്റ്വേഷണൽ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയം സംബന്ധിച്ച പഠന പ്രഖ്യാപനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. സി. റോസക്കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.