KOYILANDY DIARY.COM

The Perfect News Portal

വയനാട് ചുരം കേബിള്‍ കാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

40 മിനിട്ട് യാത്ര ചെയ്തു വയനാട് ചുരം കയറിയവര്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം. വയനാട് ചുരം കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റര്‍ ദൂരത്തിലാണ് 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക.

അടിവാരം ലക്കിടി ടെര്‍മിനലുകളോട് അനുബന്ധിച്ച് പാര്‍ക്കിംഗ്, സ്റ്റാര്‍ ഹോട്ടല്‍, മ്യൂസിയം, കഫ്റ്റീരിയ, പാര്‍ക്ക്, ഹോട്ടല്‍, തിയേറ്റര്‍ ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. ലക്കിടിക്കും അടിവാരത്തിനും ഇടയില്‍ 40 ഓളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ. 2023 ഒക്ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ യോഗത്തിലാണ് വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിക്കുള്ള നിര്‍ദ്ദേശം വെസ്റ്റേണ്‍ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടുവെച്ചത്.

 

പദ്ധതി സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡിയെ ചുമതലപ്പെടുത്തിയിരുന്നു. വെസ്റ്റേണ്‍ ഘാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് റോപ് വേ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ലോവര്‍ ടെര്‍മിനല്‍ ഭാഗത്തുള്ള വെസ്റ്റേണ്‍ ഘാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യു വകുപ്പിനും തുടര്‍ന്ന് KSIDC (കേരള സ്റ്റേറ്റ് ഇന്‍ഡസ്്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍) നും കൈമാറും.

Advertisements
Share news