KOYILANDY DIARY.COM

The Perfect News Portal

വിലങ്ങാട് ദുരന്തം; കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് നഗരം, ഉരുട്ടി പാലം മുതൽ പാനോം വരെ രണ്ട് കിലോമീറ്റർ 11 കെവി ലൈനും നാല് കിലോമീറ്റർ ലോ ടെൻഷൻ ലൈനും പൂർണമായും തകർന്നു. അടിച്ചിപ്പാറയിൽ രണ്ട് ട്രാൻസ്ഫോർമറുകൾ ഒലിച്ചുപോയി. മഞ്ഞച്ചീളിയിൽ ഒരെണ്ണം മണ്ണിടിഞ്ഞും നശിച്ചു. 
പ്രധാന റോഡിലും ഉൾനാടൻ റോഡുകളിലുമായി 69 ഹൈ ടെൻഷൻ പോസ്റ്റ്, 90 ലോ ടെൻഷൻ പോസ്റ്റും ഒടിഞ്ഞുകുത്തി. 33 കെവി ഫീഡർ ട്രാൻസ്‌മിഷൻ സൈഡ് കേബിൾ തകരാറിലായി. കെഎസ്ഇബി വടകര സർക്കിളിന് കീഴിലെ നാദാപുരം ഡിവിഷനിൽ നാദാപുരം സബ് ഡിവിഷനിൽ പരപ്പുപാറ സെക്‌ഷനിന് കീഴിലാണ് ദുരന്തമുണ്ടായ വിലങ്ങാട് ഉൾ‌പ്പെടുന്നത്.
കെഎസ്ഇബി ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർഎസ്) നേതൃത്വത്തിൽ ഉരുട്ടി മുതൽ മഞ്ഞക്കുന്ന് വരെ വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചു. എച്ച്ടി, എൽടി ലൈൻ വലിക്കാനുള്ള 110 പോസ്റ്റുകൾ സ്ഥാപിച്ചു. ക്യുആർഎസിനൊപ്പം വടകര നോർത്ത്, സൗത്ത്, ബീച്ച്, നാദാപുരം, പരപ്പുപാറ സെക്‌ഷനിലെ ജീവനക്കാരും ഉദ്യോ​ഗസ്ഥരും തൊഴിലാളികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം. 
ദുരന്തബാധിത പ്രദേശത്ത് താമസ​യോ​ഗ്യമാക്കിയ വീടുകളിൽ ഉൾപ്പെടെ 90 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിക്കാനായി. പറക്കാട് സങ്കേതമാണ് ഇനി ശേഷിക്കുന്നത്.  ഇവിടേക്കുള്ള പാലം ഒഴുകിപ്പോയതിനാൽ സാമ​ഗ്രികൾ എത്തിക്കാൻ സാധിക്കാത്തതാണ് പ്രവൃത്തി വൈകാൻ ഇടയാക്കിയത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവിടെ സാധനങ്ങൾ എത്തിച്ചിട്ടുണ്ട്‌. 40 പേരടങ്ങിയ പ്രത്യേക ടീമിനെയും ഇവിടേക്ക്‌ നിയോ​ഗിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ചയോടെ മേഖലയിൽ എല്ലായിടത്തും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് നാദാപുരം സബ് ഡിവിഷൻ അസി. എൻജിനിയർ കെ അലക്സ് ആന്റണി പറഞ്ഞു. 

 

Share news