കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം: ക്ഷേത്ര ക്ഷേമ സമിതി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിഷാരികാവ് ക്ഷേത്രക്ഷേമ സമിതി യോഗംആവശ്യപ്പെട്ടു. 25-10-2023ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും, തൊട്ടു മുൻ വർഷങ്ങളിലും വളരെ ഗുരുതരമായ ക്രമക്കേടുകളാണ് ഓഡിറ്റു വിഭാഗം കണ്ടെത്തിയിട്ടുള്ളത്.
.

.
സ്വർണ്ണം വെള്ളി, ഓട് ഉരുപ്പടികൾ, കോടികളുടെ സ്ഥിര നിക്ഷേപങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത്, സ്വർണ്ണ നെറ്റിപ്പട്ട നിർമ്മാണം, മരാമത്ത് പ്രവൃത്തികൾ, മണിമണ്ഡപ നിർമ്മാണം, ഉത്സവ നടത്തിപ്പ്, കലാപരിപാടികൾ, ഉൾപ്പെടെ അടിമുടി ക്രമക്കേടുകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
.

.
ഇതിൽ പത്തായപ്പുര പൊളിച്ച പഴയ മര ഉരുപ്പടികൾ 54,500 രൂപ ചെലവ് ചെയ്ത് പണിത്തരങ്ങളായി മാറ്റിയതിനു ശേഷം 41, 500 രൂപക്ക് ലേലം ചെയ്ത നടപടി ഏറെ പരിഹാസ്യവുമാണ്. ഇത്തരം ക്രമക്കേടുകൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നത് ഓഡിറ്റിൻ്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്.

ഭക്തജനങ്ങൾ ദേവിക്ക് സമർപ്പിക്കുന്ന കാണിക്കപ്പണം യാതൊരു തത്വദീക്ഷയുമില്ലാതെ ദുർവിനിയോഗം ചെയ്യുന്ന ദേവസ്വം അധികാരികൾക്കെതിരെ ശക്തമായ പ്രതിഷേധം ഭക്തജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നു വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. രാജൻ, അഡ്വ.ടി.കെ. രാധാകൃഷ്ണൻ, വി.വി. സുധാകരൻ, എൻ.വി. വത്സൻ, മുണ്ടയ്ക്കൽ ശശീന്ദ്രൻ, വി.കെ. ദാമോദരൻ, എൻ.എം.വിജയൻ, പി.വേണു, സുധീഷ് കോവിലേരി എന്നിവർ സംസാരിച്ചു.
