KOYILANDY DIARY

The Perfect News Portal

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐയെ വിജിലൻസ് പിടികൂടി

കൊയിലാണ്ടി: ഫറോക്ക് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ വി.എ 10000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടികൂടി. പരാതിക്കാരനായ ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റെ പുകപരിശോധന കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുന്നതിന് 10000 രൂപ കൈക്കൂലി താമസിക്കുന്ന വീട്ടിൽ വച്ച് വാങ്ങുന്നതിനിടെയാണ് ഫറോക്ക് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  അബ്ദുൽ ജലീലിനെ കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഞായറാഴ്ച പിടികൂടിയത്.
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രം പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്ഥാപനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പുക പരിശോധനയുടെ സൈറ്റ് ബ്ലോക്ക് ചെയ്യുകയും പുക പരിശോധന കേന്ദ്രം പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്നും അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥാപനത്തിലെ പ്രവർത്തനം തുടരുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായ ഉടമ ജോയിന്റ് ആർ ടിഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ടു അപേക്ഷ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
Advertisements
തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ ഉടമയുടെ സ്ഥാപനത്തിൽ എത്തി പതിനായിരം രൂപ വീട്ടിൽ നേരിട്ട് വന്ന് എത്തിച്ചാൽ പ്രവർത്തനാനുമതി നൽകാൻ ശുപാർശ നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം 27. 1. 2024 തീയതി കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  സുനിൽ കുമാറിനെ നേരിട്ട് കണ്ട് പരാതി നൽകുകയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ താമസിക്കുന്നതായ വാഴയൂർ പഞ്ചായത്തിൽ ഉള്ള വീട്ടിൽ വച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങവേ കയ്യോടെ പിടിക്കുകയാണ് ഉണ്ടായത്.
Advertisements
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി കൂടാതെ ഇൻസ്പെക്ടർമാരായ  സന്ദീപ് കുമാർ. രാജേഷ് കുമാർ, ഇൻസ്പെക്ടർമാരായ ഹരീഷ് കുമാർ, സുനിൽകുമാർ, രാധാകൃഷ്ണൻ, സുജിത്ത് പെരുവടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലാം, റീനു ഷൈജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സനോജ്, രാഹുൽ, നിതിൻലാൽ, ജയേഷ്, സുജിഷ എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരായ കോഴിക്കോട് എൽ, എ. തഹസിൽദാർ  ശ്രീകുമാർ,ഗവർമെന്റ് ഗണപത് എച്ച് എസ് എസ് അധ്യാപകൻ അജിത്ത് പാൽ എന്നിവരും ഉണ്ടായിരുന്നു.