ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം; ഡോ. ജോൺ ബ്രിട്ടാസ് എം പി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. അതുകൊണ്ടാണ് അതിനനുയോജ്യമായ സ്ഥാനാർത്ഥിയെ പ്രതിപക്ഷം മുന്നോട്ട് വെച്ചത്. എന്നാൽ ആർഎസ്എസ് പ്രത്യശാസ്ത്രം മാത്രം ഉൾക്കൊള്ളുന്ന സ്ഥാനാർത്ഥിയാണ് എൻഡിഎ സഖ്യം വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനായി നിയോഗിച്ചത്.
കുറേക്കൂടി സങ്കുചിതവും പരിമിതവുമായ പ്രക്രിയയ്ക്കാണ് ഈ സ്ഥാനാർത്ഥിയെകൊണ്ട് അവർ ഉദ്ദേശിക്കുന്നത്. ഇതിനെതിരെ ഏറെ സുപരിചിതനും ശക്തനുമായ സ്ഥാനാർത്ഥിയെയാണ് പ്രതിപക്ഷം നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി പക്ഷത്തേക്ക് എംപിമാരെ മറിക്കാനുള്ള ശ്രമം നടക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ബിജെപി ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരം നീക്കങ്ങൾ. ബിജെപിയെപോലുള്ള പാർട്ടിയുടെ ഭാഗത്തുനിന്നും ഉള്ള ഇത്തരം നീക്കങ്ങളിൽ തങ്ങൾക്ക് അതിശയോക്തിയില്ലെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ മുഴുവൻ വോട്ടും ഇന്ത്യസഖ്യത്തിന് ലഭിക്കുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.

