KOYILANDY DIARY

The Perfect News Portal

വടക്കാഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്?’  സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വടക്കാഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ത്ഥികൾ അടക്കം 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ആരാണ് ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ചോദിച്ചാണ് കോടതി നടപടി. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇന്ന് രാവിലെ മുതലുണ്ടായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ജൂലൈയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതെല്ലാം ലംഘിച്ചോടിയ ബസാണ് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത്. സംസ്ഥാനത്ത് വിവിധ കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിച്ചുവരുന്നത്.

Advertisements

 

എന്നാല്‍ ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഈ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്’- മോട്ടോര്‍ വാഹന വകുപ്പ് ജൂലൈ 13ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.