KOYILANDY DIARY

The Perfect News Portal

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം. ഡോ. ജോൺ ബ്രിട്ടാസ് എംപി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്‌ത് ബാങ്കിംഗ് മേഖലയിൽ വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു.

ആധാറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലാണ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്.

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.

Advertisements

AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാർ നമ്പരും ബാങ്കിന്റെ പേരും വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉൾപ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും ഓൺലൈനിൽ ലഭ്യമായ സ്‌കാൻ ചെയ്‌ത വിവിധ രേഖകളിൽ നിന്നോ മറ്റു ഡിജിറ്റൽ റെക്കോർഡുകളിൽ നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോൺ വിരലടയാളങ്ങൾ ഉണ്ടാക്കിയും മറ്റുമാണ് അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്.

Advertisements

AePS സംവിധാനത്തിന് ഒരു യഥാർത്ഥ വിരലടയാളവും കൃത്രിമ സിലിക്കോൺ വിരലടയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാർ നമ്പറുകൾ ലോക്ക് ചെയ്യുകയോ മാസ്ക് ചെയ്യുകയോ ചെയ്‌താൽ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടുവാൻ കഴിയുമെങ്കിലും അപ്രകാരം ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കൽ നിന്നും ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും അടുത്തകാലത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.

AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിൻവലിക്കൽ രാജ്യത്ത് നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയൂ എന്നതിനാൽ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.