റബറിന് ന്യായവില ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം; ഇ പി ജയരാജൻ
കോട്ടയം: റബറിന് ന്യായവില ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവശ്യപ്പെട്ടു. കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) വൻകിട ടയർ കമ്പനികൾക്കിട്ട പിഴത്തുക കർഷകർക്ക് വിതരണം ചെയ്യണം.

കൊള്ളലാഭം കൊയ്തതിന് എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ, ബിർള എന്നീ വൻകിട ടയർ കമ്പനികൾക്കും അവരുടെ സംഘടനയായ എടിഎംഎയ്ക്കുമായി 1788 കോടി രൂപയാണ് പിഴയിട്ടതെന്നും സംയുക്ത കർഷകസമിതി സംഘടിപ്പിച്ച സംസ്ഥാന റബർ കർഷക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ടയർ കമ്പനികൾ കർഷകരെ പിഴിഞ്ഞ് കോടികൾ കൊള്ളലാഭമുണ്ടാക്കുന്നു. 240 ലേറെ രൂപ വിലയുണ്ടായിരുന്ന കാലത്തും പിന്നീടും ടയറിന് വൻതോതിൽ വിലകൂട്ടി.

ഇപ്പോൾ വിലയിൽ നൂറു രൂപയിലേറെ കുറവ് വന്നു. റബറിനെ കാർഷിക ഉൽപ്പന്നമാക്കി കേന്ദ്ര സർക്കാർ നയം തിരുത്തണം. ഇറക്കുമതി നിയന്ത്രിക്കണം. കർഷകർക്ക് 300 രൂപയെങ്കിലും അടിസ്ഥാന വില ഉറപ്പാക്കണം. കേന്ദ്ര സർക്കാരിന് കോർപറേറ്റുകളുടെ വളർച്ചയിൽ മാത്രമാണ് താല്പര്യം. 2014ൽ കോർപറേറ്റുകളുടെ ആസ്തി 23.14 ലക്ഷം കോടിയായിരുന്നു. പത്ത് വർഷം ആകുമ്പോഴേക്കും അത് 53.14 ലക്ഷമായി. കൃഷിക്കാർക്ക് സബ്സിഡിയോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല.

കോർപറേറ്റുകളുടെ 10.5 ലക്ഷം കോടിയുടെ കടമാണ് എഴുതിത്തള്ളിയത്. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും സംസ്ഥാന സർക്കാർ കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്നു. വില സ്ഥിരത ഫണ്ടും വിതരണം ചെയ്യുന്നു. കോൺഗ്രസുകാരായ ചില ആർപിഎസ് പ്രതിനിധികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. സമിതി ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. കൺവീനർ വത്സൻ പനോളി സമര പരിപാടികൾ പ്രഖ്യാപിച്ചു.

