KOYILANDY DIARY

The Perfect News Portal

വൃത്തിഹീനമായ ചുറ്റുപാട്, നിറം നൽകാൻ രാസവസ്തു. പഞ്ഞിമിഠായി നിർമാണകേന്ദ്രം അടപ്പിച്ചു

വൃത്തിഹീനമായ ചുറ്റുപാട്, നിറം നൽകാൻ രാസവസ്തു. പഞ്ഞിമിഠായി നിർമാണകേന്ദ്രം അടപ്പിച്ചു. കരുനാഗപ്പള്ളി: പുതിയകാവിനടുത്ത്  അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിൽ ബുധനാഴ്ച  ഭക്ഷ്യ സുരക്ഷാ സ്‌പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ് നടത്തിയ പരിശോധനക്കൊടുവിലാണ് അനധികൃതമായി പ്രവർത്തിച്ച പഞ്ഞിമിഠായി നിർമാണകേന്ദ്രം ഭക്ഷ്യ സുരക്ഷാവിഭാഗം അടപ്പിച്ചത്. കെട്ടിടം ഉടമ സക്കീർ ഹുസൈനും ഇരുപതോളം അതിഥിത്തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

അഞ്ച് ചെറിയ മുറിയിലായി ഇരുപതോളം അതിഥിത്തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.  വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിർമിച്ചിരുന്നത്. മിഠായി നിർമിക്കുന്ന മുറിക്കു സമീപം കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്നുണ്ടായിരുന്നു. പഴകിയ വസ്ത്രങ്ങളും മറ്റും തൊട്ടടുത്തായി കൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് മിഠായി നിർമാണവും നടന്നിരുന്നത്. മിഠായിക്ക്‌ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കളും കണ്ടെടുത്തു. റോഡമിൻ എന്ന രാസവസ്‌തു ഉപയോഗിച്ചാണ്‌ മിഠായി നിർമിച്ചിരുന്നത്.

റോഡമിൻ്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചിട്ടുണ്ട്. ആയിരത്തോളം കവർ പഞ്ഞി മിഠായിയും പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിൻ്റെ അനുമതി ഇല്ലാതെയായിരുന്നു മിഠായി നിർമാണം. കെട്ടിടത്തിന് പഞ്ചായത്തിൻ്റെ അനുമതിയും ഉണ്ടായിരുന്നില്ല. മിഠായിയുടെയും രാസവസ്‌തുക്കളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം വന്നതിനു ശേഷം തുടർന്നുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisements
ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്‌‌സ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസ് പരിശോധനക്ക്  നേതൃത്വം നൽകി . അസിസ്‌റ്റൻ്റ് കമ്മീഷണർ എസ്. അജി, സ്‌പെഷ്യൽ സ്‌ക്വാഡിലെ ഭക്ഷ്യസുരക്ഷാ ഓഫീസർ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ കരുനാഗപ്പള്ളി ഓഫീസർ ചിത്രാമുരളി, ചവറ ഓഫീസർ ഷീന. ഐ. നായർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.