ട്രോളിങ് നിരോധനം ഇന്ന് തീരും; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്
സംസ്ഥാനത്ത് 52 ദിവസം നീണ്ട മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രി അവസാനിക്കും. ബോട്ടുകൾ വീണ്ടും കടലിൽ ഇറക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി. അറ്റകുറ്റപ്പണി പൂർത്തിയാക്കിയാണ് ഭൂരിഭാഗം ബോട്ടുകളും കടലിലിറങ്ങുക. ട്രോളിങ് നിരോധനം തീരുന്നതിന്റെ ഉത്സാഹത്തിലാണ് തീരദേശം. ഇന്ധനവും വലയും അനുബന്ധ ഉപകരണങ്ങളും റേഷൻ സാധനങ്ങളും ഐസുമൊക്കെ തയ്യാറാക്കി പണിക്കിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു മത്സ്യത്തൊഴിലാളി സമൂഹം.

ജില്ലയിൽ 1222 രജിസ്റ്റർചെയ്‌ത ബോട്ടാണ് ഉള്ളത്. ഇതിൽ പകുതിയും ബേപ്പൂരിലാണ്. 350 ബോട്ട് പുതിയാപ്പയിലും 70 ചെറു ബോട്ട് കൊയിലാണ്ടിയിലുമുണ്ട്. ബേപ്പൂരിൽ മാത്രം ആറായിരത്തിലേറെ തൊഴിലാളികൾ മീൻപിടിത്ത മേഖലയിലുണ്ട്. ഇതിൽ പണിയെടുക്കുന്നതിൽ ഭൂരിഭാഗവും അയൽസംസ്ഥാനക്കാരാണ്. ട്രോളിങ് നിരോധനത്തിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചവർ മടങ്ങിയെത്തി.

ഇത്തവണ ട്രോളിങ് നിരോധനത്തിന്റെ ആദ്യനാളുകളിൽ മീൻ ലഭ്യതയിൽ കാര്യമായ ഇടിവുണ്ടായിരുന്നില്ല. പരമ്പരാഗത വള്ളങ്ങൾ മീൻപിടിത്തത്തിൽ സജീവമായിരുന്നതിനാലാണിത്. ന്യൂനമർദത്തെ തുടർന്ന് കടൽ പ്രക്ഷുബ്‌ധമായതോടെ മീൻപിടിത്തം വിലക്കി. ഇത് മീൻലഭ്യതയെ കാര്യമായി ബാധിച്ചു.
