KOYILANDY DIARY

The Perfect News Portal

ഒന്നരക്കോടിയുടെ ആനക്കൊമ്പുമായി നാലുപേർ  പിടിയിൽ

കോഴിക്കോട്‌: ഒന്നരക്കോടിയുടെ ആനക്കൊമ്പുമായി നാലുപേർ  പിടിയിൽ. ആനക്കൊമ്പ്‌ വാങ്ങിക്കാനെന്ന വ്യാജേന എത്തിയാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥർ ഇവരെ വലയിലാക്കിയത്‌. എട്ട്‌ കിലോ തൂക്കമുള്ള കൊമ്പുകളാണ്‌ ഇവരിൽനിന്ന്‌ പിടിച്ചത്‌. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ (30), മുഹമ്മദ്‌ ബാസിൽ (25), ഷുക്കൂർ (30), പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ റഷീദ്‌(50) എന്നിവരാണ്‌ ഫോറസ്‌റ്റ്‌ ഫ്ലയിങ്‌ സ്ക്വാഡ്‌ വിജിലൻസ്‌ – റെയ്‌ഞ്ച്‌ കോഴിക്കോടിന്റെ പിടിയിലായത്‌. 
കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ ഞായർ വൈകിട്ട്‌ അഞ്ചിനാണ്‌ സംഭവം. ഇവരുടെ കൈയിൽ ആനക്കൊമ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ ബന്ധപ്പെടുകയായിരുന്നു. സ്ഥലം പറഞ്ഞുറപ്പിച്ചാണ്‌ കെഎസ്‌ആർടിസി പരിസരത്ത്‌ വന്നത്‌. സൗകര്യത്തിനായി ബാങ്ക്‌ റോഡിൽ ഒരു പാർക്കിങ്‌ സ്ഥലത്തേക്ക്‌ മാറി. ചാക്കിൽ പൊതിഞ്ഞ്‌ കൊണ്ടുവന്ന ആനക്കൊമ്പ്‌ പുറത്തെടുത്തതോടെ കൂടുതൽ ഫ്ലയിങ്‌ സ്ക്വാഡ്‌ അംഗങ്ങളെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. 
Advertisements
ചോദ്യംചെയ്യലിൽനിന്ന്‌  നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഒരാളുടെതാണ്‌ ആനക്കൊമ്പെന്നും കച്ചവടത്തിനായി ഇവരെ ഏൽപ്പിച്ചതാണെന്നും വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. അയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്‌. പ്രതികളെ അടുത്ത ദിവസം താമരശേരി റെയ്‌ഞ്ച്‌ വിജിലൻസിന്‌ കൈമാറും. റെയ്‌ഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസർ എ എബിൻ, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർ മാരായ എ ആസിഫ്‌, കെ വി ശ്രീനാഥ്‌, ഡ്രൈവർ ജിജീഷ്‌ എന്നിവർ സംഘത്തിലുണ്ടായി.