KOYILANDY DIARY

The Perfect News Portal

തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞശേഷമാണ്‌ അറസ്‌റ്റ്‌. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യ കുറ്റാരോപിതനാണ്‌ ഷാജഹാൻ ഷെയ്‌ഖ്‌. സാമ്പത്തിക തട്ടിപ്പ്‌, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്‌. ഷാജഹാന്റെ അറസ്‌റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക്‌ വഴിമാറിയിരുന്നു.

കേന്ദ്ര ഏജൻസികളായ സിബിഐയ്‌ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്‌ഖിനെ അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമതാ ബാനർജിക്കെതിരെയും ശക്തമായ ജനവികാരം ഉണ്ടായിരുന്നു. ഷാജഹാന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ അണികള്‍ മര്‍ദിച്ച ജനുവരി അഞ്ചുമുതല്‍ സന്ദേശ്ഖാലി സംഘര്‍ഷഭരിതമാണ്.

 

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഖാന്‍ ഷെയ്‌ഖിനെതിരെ ഇഡി നടപടിയുണ്ടായത്. ഇതേത്തുടര്‍ന്ന് ഷാജഹാന്‍ ഒളിവില്‍ പോയതിന് പിന്നാലെയാണ് സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലി നല്‍കാതെ മര്‍ദിക്കുന്നെന്നും സ്ത്രീകള്‍ ആരോപിക്കുന്നു. ഷാജഹാന്റെ അനുയായികള്‍ സ്‌ത്രീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി, ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളിലൊന്ന്.

Advertisements