KOYILANDY DIARY

The Perfect News Portal

റെയില്‍പാതയില്ലാത്ത ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയേകി അതിര്‍ത്തിക്കടുത്ത് ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി

റെയില്‍പാതയില്ലാത്ത ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയേകി അതിര്‍ത്തിക്കടുത്ത് ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. പണികള്‍ പൂര്‍ത്തിയാക്കി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ നിന്നും ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. കേന്ദ്ര സഹമന്ത്രി എല്‍. മുരുകന്‍ ട്രെയിനിന് പച്ചക്കൊടി വീശി. ഇടുക്കിക്കാര്‍ക്കു പുറമെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് ഉപകാരപ്രദമാകും.

ഇതോടെ ഇടുക്കിക്ക് എറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായി ബോഡി നായ്ക്കന്നൂര്‍ മാറി. അതിര്‍ത്തിയിലെ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് എട്ടരക്ക് ഇവിടെ നിന്നും ചെന്നൈയിലേക്ക് എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനുണ്ടാകും. തിരിച്ചും ആഴ്ചയില്‍ മൂന്നു ദിവസം ട്രെയിന്‍ സര്‍വീസ് നടത്തും.

ഇതോടൊപ്പം ബോഡിമെട്ടില്‍ നിന്നും മധുരയിലേക്ക് എല്ലാ ദിവസവും അണ്‍റിസേര്‍വഡ് എക്‌സ്പ്രസ് ട്രെയിന്‍ ട്രെയിനുണ്ടാകും. ഇടുക്കിയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം മലഞ്ചരക്ക് നീക്കത്തിനും ഇത് സഹായകരമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മധുര, തേനിവഴി ബോഡി നായ്ക്കന്നൂരിലും അവിടെ നിന്നും എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്താം.

Advertisements

ബോഡി നായ്ക്കന്നൂര്‍ മുതല്‍ മധുര വരെയുണ്ടായിരുന്ന മീറ്റര്‍ ഗേജ് റെയില്‍പ്പാത ബ്രോഡ്‌ഗേജ് ആക്കുന്നതിനായി 2010 ഡിസംബറില്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. 506 കോടി രൂപ മുടക്കിയാണ് മധുര മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 90 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാതയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്.