ജനാധിപത്യത്തെ തകർത്തുകൊണ്ട് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കുന്നു; എം എ ബേബി

കൊല്ലം: ജനാധിപത്യത്തെ തകർത്തുകൊണ്ട് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇന്ത്യയില് ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നതെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര കോർപറേഷനും കേരള സർവകലാശാല യൂണിയനും ചേർന്ന് സംഘടിച്ചിച്ച ആറാമത് ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവാധികാരികളായ ഭരണാധികാരികൾ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്.

അങ്ങനെയുള്ള ചിലയാളുകളെ മാത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഒരാളിലേക്ക് കേന്ദ്രീകരിപ്പിക്കുന്നു. ഗൗരവമുള്ള സിനിമകൾ രാഷ്ട്രീയ പ്രസ്താവനകൾ കൂടിയാണ്. കൂടാതെ ആൺപെൺ തുല്യതയ്ക്കുവേണ്ടിയും എല്ലാവിധ അതീശത്വങ്ങൾക്കും എതിരായ സന്ദേശവുമാകുന്ന സിനിമകൾ സ്വാതന്ത്ര്യബോധം പ്രകാശിപ്പിക്കുകയും വേണം. ഉക്രയിൻ യുദ്ധവും പാലസ്തീനിലെ അതിനിവേശയുദ്ധവും ലോകത്തെ വേദനിപ്പിക്കുന്ന കാഴ്കളാണ്. പാലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്ക് ഇന്ത്യയുടെ ഒരു പങ്ക് വെളിപ്പെട്ടത് അടുത്തിടെയാണ്.

അദാനിക്ക് പങ്കാളിത്തമുള്ള ഒരു ഫാക്ടറിയിൽ നിന്നാണ് ബോംബുകൾ വർഷിക്കുന്ന ഡ്രോൺ ഇസ്രേയലിന് നൽകുന്നത്. രാജ്യത്തെ പ്രമുഖനായ ഭരണാധികാരിയുടെ ചങ്ങാതിയാണ് അദാനിയെന്നും എം എ ബേബി പറഞ്ഞു. കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ വിജയ് വിമൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി ആർ മീനാക്ഷി സ്വാഗതം പറഞ്ഞു. യുവജന കമീഷൻ മുൻ അധ്യക്ഷ ചിന്താ ജെറോം സംസാരിച്ചു. സെനറ്റ് അംഗം ആസിഫ്, യൂണിയൻ വൈസ് ചെയർമാന്മാരായ എസ് അഭിനവ്, ഗ്രേറ്റി ഗ്രേറ്റൽ, ആർ ഗോപീകൃഷ്ണൻ, എ വിഷ്ണു എന്നിവർ പങ്കെടുത്തു.

