ഇന്ന് ഏണസ്റ്റോ ചെഗുവേര എന്ന വിപ്ളവ സൂര്യന്‍റെ 97ാം പിറന്നാള്‍

ഏണസ്റ്റോ ചെഗുവേര എന്ന വിപ്ളവ സൂര്യന്‍റെ 97ാം പിറന്നാളാണ് ഇന്ന്. 1928 ല്‍ അര്‍ജന്‍റീനയിലെ റൊസാരിയോയിലാണ് ചെ യുടെ ജനനം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ട് ലോകം അടയാളപ്പെടുത്തിയ മഹാവിപ്ളവകാരിയെ ഓർക്കുകയാണ് ലോകം.
യഥാര്‍ത്ഥത്തില്‍ ചെഗുവേരയെ ഓര്‍ക്കുകയല്ല ലോകം, അനുഭവിക്കുകയാണ്. ഇത്രമേല്‍ വിപ്ളവകാരിയായ ഒരാള്‍ നമ്മുടെ നൂറ്റാണ്ടില്‍ പിറന്നുവെന്നത് അനുഭവം. യാങ്കി സാമ്രജിത്വ താല്പര്യങ്ങളുടെ വെടിയുണ്ടകള്‍ക്ക് തീര്‍ക്കാനാകാത്ത തരംഗമായി ലോകത്തെ ഇന്നും പുണരുന്ന ചെഗുവേര മഹാഅനുഭവം.

അര്‍ജന്‍റീനയിലെ സമ്പന്നകുടുംബത്തില്‍ അഞ്ചുമക്കളില്‍ മൂത്തവനായാണ് ചെ ഗുവേരയുടെ ജനനം. മെഡിക്കല്‍ ബിരുദം, ശേഷം സേവനാധിഷ്ഠിത പ്രവര്‍ത്തനം, ലാറ്റിന്‍ അമേരിക്കയടക്കം നീണ്ട യാത്രകള്‍, മാര്‍ക്സിസ്റ്റ് ആശയം പ്രജ്ഞയെ കീഴടക്കിയതോടെ സേവനം പുതിയ ദിശകൈക്കൊണ്ടു. പാവങ്ങളെ സഹായിക്കുക എന്നതില്‍ നിന്ന് അവര്‍ എന്തുകൊണ്ട് ദരിദ്രനായെന്നും അത് സൃഷ്ടിക്കുന്ന വ്യവസ്ഥയ്ക്കെതിരായ പോരാട്ടമാണ് ശാശ്വത പരിഹാരമെന്ന് തിരിച്ചറിഞ്ഞ സേവനസമര മാര്‍ഗ്ഗത്തിലേക്ക് മിഴിതുറന്നു.

ക്യൂബന്‍ വിപ്ളവത്തിലെ വിജയത്തിന് ശേഷം ബോളീവിയയിലേക്ക്. ഒടുവില്‍ അടരാടവേ രണഭൂമിയില്‍ രക്തസാക്ഷിത്വം. ലോകത്താകെ അധ്വാനിക്കുന്നവന്‍റെ ശബ്ദമായി പടരുന്നു ഇന്നും. മുതലാളിത്ത വ്യവസ്ഥ കുടികൊള്ളുന്നിടത്തും യുവതയുടെ ഗ്ളാമര്‍ പ്രതീകം മുതല്‍ ചുഷണവിരുദ്ധ പോരാട്ടങ്ങളുടെ ആവേശമായി തുടര്‍ച്ച. യാങ്കി ക്രൂരതയുടെ ബുള്ളറ്റുകള്‍ തറച്ച് മിഴിതുറന്ന് ഒരു വിദ്യാലത്തിന്‍റെ ഒഴിഞ്ഞമുറിയിലെ ചെഗുവേരയുടെ ചേതനയറ്റശരീരം പിന്നീട് ഒരായിരം സാമ്രാജിത്വ വിരുദ്ധ സമരങ്ങളായി തെരുവില്‍ പുനര്‍ജനിച്ചു.

വിയര്‍പ്പ് തുന്നിയിട്ട കുപ്പായം. അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം. വാക്കുകള്‍ എത്തുംമുമ്പേ അത് പ്രായോഗവത്കരിച്ച മഹത്വത്തിന് പിറന്നാള്‍ പുഷ്പങ്ങള്‍. ഒരുവന്‍റെ മൊഴി അപരന്‍ സംഗീതമായി ആസ്വദിക്കുന്ന ലോകത്തിനായി ജീവന്‍ വെടിഞ്ഞവനെ മനുഷ്യകുലത്തിന് മറക്കാനാവുമോ. ഫ്രാന്‍സ് അടക്കമുള്ള സാമ്രാജിത്വ ശക്തികള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരായ സമകാലിക ആഫ്രിക്കന്‍ പോരാട്ടങ്ങള്‍ക്കും ഊര്‍ജമാകുന്നത് ചെഗുവേരതന്നെ. ബുര്‍ക്കിനാ ഫാസോയുടെ പുതിയ നേതാവ് ഇബ്രാഹിം ട്രാഒറെയ്ക്കും വിളിപ്പേര് അഭിനവചെഗുവേരയെന്ന്. ആ ആസ്തമ രോഗിയായ ഭിഷഗ്വരന്‍ ലോകത്തിന് പുതുശ്വാസം നല്‍കികൊണ്ടേയിരിക്കുന്നു.
