KOYILANDY DIARY

The Perfect News Portal

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ മൂന്ന്‌ വെള്ളി; ഒപ്പം രണ്ട്‌ വെങ്കലത്തിൻറെ ശോഭയും

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ മൂന്ന്‌ വെള്ളിയുടെ തിളക്കം. ഒപ്പം രണ്ട്‌ വെങ്കലത്തിൻറെ ശോഭയും. പുരുഷ തുഴച്ചിൽ സംഘമാണ്‌ രണ്ട്‌ വെള്ളിയും ഒരു വെങ്കലവും നേടിയത്‌. വനിതാ ഷൂട്ടർമാർ ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കി. വെള്ളി, വെങ്കല മെഡലുകൾ അണിഞ്ഞ്‌ കൗമാരക്കാരി ഷൂട്ടർ രമിത ജിൻഡാൽ ഇന്ത്യയുടെ അഭിമാനമായി.

ഗെയിംസിൻറെ ആദ്യദിനം 20 സ്വർണമടക്കം 30 മെഡലുമായി ചൈന കുതിപ്പ്‌ തുടങ്ങി. ദക്ഷിണകൊറിയ അഞ്ച്‌ സ്വർണത്തോടെ രണ്ടാം സ്ഥാനത്താണ്‌. ജപ്പാന്‌ രണ്ട്‌ സ്വർണമുണ്ട്‌. അഞ്ച്‌ മെഡലുള്ള ഇന്ത്യ ഏഴാം സ്ഥാനത്താണ്‌. വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രമിത ജിൻഡാൽ, മെഹുലി ഘോഷ്‌, അഷി ചൗക്‌സി എന്നിവർ ഉൾപ്പെട്ട ടീമിനാണ്‌ വെള്ളി. വ്യക്തിഗത വിഭാഗത്തിലാണ്‌ രമിത വെങ്കലം കരസ്ഥമാക്കിയത്‌.

Advertisements

തുഴച്ചിലിൽ അർജുൻ ലാൽ – അരവിന്ദ്‌ സിങ് സഖ്യം വെള്ളി നേടിയപ്പോൾ ബാബുലാൽ യാദവ്‌ – ലെഖ്‌റാം കൂട്ടുകെട്ടിനാണ്‌ വെങ്കലം. എട്ടുപേർ അണിനിരന്ന ടീം ഇനത്തിലും വെള്ളിയുണ്ട്‌. വനിതാ ക്രിക്കറ്റിൽ ആദ്യമായി പങ്കെടുത്ത ഇന്ത്യ ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചു. ഇന്ന്‌ ഫൈനലിൽ ശ്രീലങ്കയാണ്‌ എതിരാളി. മികച്ച പ്രകടനം നടത്തിയിരുന്ന പുരുഷ വോളിബോൾ ടീം ജപ്പാനോട്‌ തോറ്റ്‌ പുറത്തായി.

Advertisements

ഫുട്‌ബോളിൽ 13 വർഷത്തിനുശേഷം പ്രീക്വാർട്ടറിലേക്ക്‌ മുന്നേറി. മ്യാൻമറിനോട്‌ 1–-1 സമനിലയിൽ കുടുങ്ങിയെങ്കിലും ഗോൾ വ്യത്യാസം രക്ഷയായി. വനിതാ ടീം രണ്ട്‌ കളിയും തോറ്റ്‌ പുറത്തായി. പുരുഷ ഹോക്കിയിൽ 16 ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ മുക്കി തകർപ്പൻ തുടക്കമിട്ടു. ടേബിൾടെന്നീസിൽ പുരുഷ, വനിതാ ടീമുകൾ പുറത്തായി. ബോക്‌സിങ്ങിൽ ലോക ചാമ്പ്യൻ നിഖാത്‌ സരീൻ പ്രീക്വാർട്ടറിൽ കടന്നു.