വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര പൊതുജന കാഴ്ചവരവ് കമ്മിറ്റി തിരുവാതിര ആഘോഷം സംഘടിപ്പിച്ചു. മഹേശ്വരൻ്റെ ജന്മനാളായ തിരുവാതിര ദിനത്തിൽ സംഘടിപ്പിച്ച ആഘോഷം കമ്മിറ്റി ഓഫീസ് പരിസരത്ത് ഡോ. എം.ആർ. രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. അരീക്കൽ സുജാത അധ്യക്ഷത വഹിച്ചു.

തിരുവാതിരക്കളി ആചാര്യ ഇരിങ്ങാലക്കുട അണിമംഗലത്ത് സാവിത്രി അന്തർജനം, തിരുവാതിരക്കളി ഗവേഷകയും അധ്യാപികയുമായ ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് സുവർണ ചന്ദ്രോത്ത് എന്നിവർ തിരുവാതിയെപ്പറ്റിയുള്ള ഐതിഹ്യങ്ങളും നൊയമ്പ് നോൽക്കൽ തുടങ്ങി അതിൻ്റെ ചരിത്രങ്ങളെപ്പറ്റിയുള്ള അറിവുകൾ പകർന്നു.

മജീഷ്യൻ ശ്രീജിത് വിയ്യൂർ, ശക്തൻകുളങ്ങര ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് പുത്തൻപുരയിൽ രാമചന്ദ്രൻ, കോട്ടക്കുന്നുമ്മൽ ശിവൻ, കെ. അശ്വതി, ചെമ്പിൽ നാരായണി, ചെമ്പിൽ രജനി ബേബി എന്നിവർ സംസാരിച്ചു. സംവാദങ്ങൾക്ക് ശേഷം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി.
