KOYILANDY DIARY

The Perfect News Portal

സ്‌നേഹച്ചില്ലകൾ ചേർത്തുവച്ച്‌ അവർക്ക്‌ കൂടൊരുങ്ങി

കുറ്റ്യാടി : ചിറകുമുളയ്‌ക്കും മുമ്പെ അനാഥരാക്കപ്പെട്ട സഹോദരങ്ങൾക്ക്‌ ഇതൊരു വീട്‌ മാത്രമല്ല. സഹപാഠികളും അധ്യാപകരും നാട്ടുകാരും പ്രിയപ്പെട്ടവരും ചേർന്നൊരുക്കിയ കൂടാണ്‌. കഷ്ടപ്പാടിന്റെ വേദനകളെല്ലാം ഈ സ്‌നേഹവീട്ടിലേക്ക്‌ അവർ ഇറക്കിവയ്‌ക്കുകയാണ്‌. വാടക വീട്ടിൽ ചെറുപ്പകാലത്തെ ദാരിദ്ര്യത്തിന്റെ കയ്‌പ്‌ കുടിച്ചുവളർന്ന കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ ചേച്ചിക്കും അനുജത്തിക്കുമാണ്‌ വീടായത്‌.
Advertisements
അർബുദം ബാധിച്ച് അമ്മ കമല മരിച്ചതോടെ തനിച്ചായിപ്പോയതാണ്‌ ഇവർ. ഊരത്ത് സ്വകാര്യ വ്യക്തിയിൽനിന്ന്‌ വിലയ്‌ക്കെടുത്ത സ്ഥലത്താണ് ഇവർക്ക് വീടൊരുക്കിയത്. പ്രമോദ് കുന്നുമ്മൽ കൺവീനറായുള്ള ജനകീയ കമ്മിറ്റിയാണ് എല്ലാ സൗകര്യങ്ങളുമുള്ള  വീട് ഒരുക്കിനൽകിയത്.
നാടിന്റെ ജനകീയോത്സവമായി മാറിയ ചടങ്ങിൽ കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ താക്കോൽ കൈമാറി. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി നഫീസ അധ്യക്ഷയായി. കൺവീനർ പ്രമോദ് കുന്നുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി കെ മോഹൻദാസ്, കുന്നുമ്മൽ കണാരൻ, പി സി രവീന്ദ്രൻ, ശ്രീജേഷ് ഊരത്ത്, അധ്യാപകരായ കെ പി രാജൻ, ഗിരീഷ്, അബ്ദുല്ല നെല്ലിക്കണ്ടി, ശശീന്ദ്രൻ, സി കെ ബാബു,  ആർ ഗംഗാധരൻ എന്നിവർ സംസാരിച്ചു.