ഭാഷയുടെ പേരില്‍ വിഭജനം പാടില്ല, ഏതെങ്കിലും മതവുമായി ഭാഷയെ ബന്ധപ്പെടുത്തരുത്: സുപ്രീംകോടതി

ഭാഷയുടെ പേരില്‍ വിഭജനം പാടില്ലെന്നും ഏതെങ്കിലും മതവുമായി ഭാഷയെ ബന്ധപ്പെടുത്തരുതെന്നും സുപ്രീംകോടതി. ഹിന്ദി ഹിന്ദുക്കളുടെതും ഉര്‍ദു മുസ്ലീംങ്ങളുടെതുമാണെന്ന വിഭജനം കൊളോണിയല്‍ ശക്തികളുടെ വാദമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കെട്ടിടത്തിന്റെ സൈന്‍ ബോര്‍ഡില്‍ ഉറുദുഭാഷ ഉപയോഗിച്ചതിനെതിരായ ഹര്‍ജി തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ഭാഷ ഒരു സംസ്‌കാരമാണെന്നും ഭാഷയെ വിഭജിക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി ഇടപെടല്‍. മഹാരാഷ്ട്രയിലെ പാടൂര്‍ മുന്‍സിപ്പാലിറ്റിയിലെ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദുഭാഷ ഉപയോഗിച്ചത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാറുകാരനായ മുന്‍ കൗണ്‍സിലര്‍ വര്‍ഷാതായ് സഞ്ജയ് ബഗാഡെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബോര്‍ഡുകള്‍ മറാഠി ഭാഷയില്‍ മാത്രമേ പാടുള്ളു എന്നായിരുന്നു വര്‍ഷാതായ് സഞ്ജയ് ബഗാഡെയുടെ വാദം. എന്നാല്‍ ഭരണഘടനയില്‍ മറാഠിക്കും, ഉറുദുവിനും ഒരേ സ്ഥാനമാണ് ഉള്ളതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉറുദു ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

കൊളോണിയല്‍ ശക്തികള്‍ മതഭിന്നത ഉണ്ടാക്കാന്‍ ഉറുദുവിനേയും, ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും, ഉറുദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യം അല്ലെന്ന് ജസ്റ്റിസ് മാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

പേര്‍ഷ്യന്‍ ഭാഷയുമായി സാമ്യമുള്ള ഉറുദു വിദേശ ഭാഷ ആണെന്നതും തെറ്റായ കാഴ്ചപ്പാടാണ്. ഹിന്ദിയും, മറാഠിയും പോലെ ഇന്‍ഡോ ആര്യന്‍ ഭാഷയാണ് ഉറുദു എന്നും അത് ഇന്ത്യയില്‍ ജനിച്ച ഭാഷ ആണെന്നും കോടതി വ്യക്തമാക്കി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിരിക്കെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം എന്നതും ശ്രദ്ധേയം.
