ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു; എം വി ഗോവിന്ദൻ
തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു. കോവിഡ് കാലത്ത് ലോകം കേരളത്തെ ഒരു രാജ്യമായി കണ്ടു. ലോകത്തിനുമുന്നിൽ ഒരു തുരുത്തായി നാം നിലകൊണ്ടു.

ഡോ. ബി ഇക്‌ബാൽ രചിച്ച് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച “എല്ലാവർക്കും ആരോഗ്യം–-ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ മാനങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക, സാമൂഹിക, രാഷ്‌ട്രീയ മേഖലകളിൽ എങ്ങനെ ആരോഗ്യം നാം ചർച്ച ചെയ്യുമായിരുന്നു. അതിന്റെ പ്രധാന മേഖലയാണ് കേരളം.

അങ്ങനെയുള്ള കേരളത്തിലായതിനാലാണ് ഡോ. ഇക്‌ബാലിന് ഈ പുസ്തകം എഴുതാനായത്–- അദ്ദേഹം പറഞ്ഞു. ഡോ. വി രാമൻകുട്ടി പുസ്തകം ഏറ്റുവാങ്ങി. ഡോ. പി കെ ജമീല അധ്യക്ഷയായി. ഡോ. എ അൽത്താഫ്, ഡോ. പി കെ രാജശേഖരൻ, കെ ശിവകുമാർ, കെ എസ് രഞ്ജിത്ത്, പുസ്തക രചയിതാവ് ഡോ. ബി ഇക്‌ബാൽ തുടങ്ങിയവരും സംസാരിച്ചു.

