KOYILANDY DIARY

The Perfect News Portal

റേഷനരി വെള്ളത്തിലായത് അട്ടിമറിയെന്ന് തൊഴിലാളികൾ

കോഴിക്കോട്‌: വെള്ളയിലെ സെൻട്രൽ വെയർഹൗസ്‌ ഗോഡൗണിൽ വെള്ളം കയറി ഇരുന്നൂറ്‌ ചാക്കിലധികം അരി നശിച്ചത്‌ അട്ടിമറിയെന്ന്‌ തൊഴിലാളികൾ. മഴവെള്ളം പുറത്തേക്ക്‌ ഒഴുകിപ്പോകുന്ന ഓവുചാൽ പ്ലാസ്‌റ്റിക്‌ ചാക്ക്‌ കുത്തിനിറച്ച്‌ അടച്ചിട്ടതായി കണ്ടെത്തി. ഇരുമ്പ്‌ സ്ലാബിട്ട്‌ മൂടിയ പൈപ്പിൽ പുറത്തുനിന്നുള്ള ആർക്കും അട്ടിമറി നടത്താനാവില്ല. സംഭവം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ ഗോഡൗൺ മാനേജർ സൂര്യശേഖർ വെള്ളയിൽ പൊലീസിൽ പരാതിനൽകി.
സെൻട്രൽ വെയർഹൗസ്‌ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതിയും സംഭവം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇവിടെ തൊഴിലാളി അനുപാതം സംബന്ധിച്ച്‌ സിഡബ്ല്യുസി തൊഴിലാളികളും കരാർ തൊഴിലാളികളും തർക്കമുണ്ട്‌. വെള്ളയിൽ, പൂളാടിക്കുന്ന്‌ എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകൾ ഭക്ഷ്യധാന്യസംഭരണത്തിന്‌ അനുയോജ്യമല്ലെന്നും ഇവിടത്തെ സ്‌റ്റോക്ക്‌ സർക്കാർ ഗോഡൗണിലേക്ക്‌ മാറ്റണമെന്നും നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വെള്ളയിലെ ഗോഡൗൺ പ്രവർത്തനം ജൂൺ 30ന്‌ അവസാനിപ്പിച്ചു.
Advertisements
വെള്ളയിലെ കരാർ തൊഴിലാളികളുടെ തൊഴിൽ അനുപാതം സംബന്ധിച്ച തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. സ്വകാര്യ ഗോഡൗൺ പ്രവർത്തനം അവസാനിപ്പക്കാൻ തീരുമാനിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ ഗോഡൗണിൽ വെള്ളം കയറി അരി നശിച്ചത്‌. സർക്കാരിന്റെ ഗോഡൗൺ പ്രവർത്തനം അട്ടിമറിക്കാനുള്ള നീക്കത്തിന്‌ പിന്നിൽ ചില ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി തൊഴിലാളികളുടെ സംയുക്ത സമിതി ആരോപിച്ചു. സ്വകാര്യ ഗോഡൗണുകുൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായും തൊഴിലാളികൾ പറയുന്നു.