KOYILANDY DIARY

The Perfect News Portal

കനത്ത മഴ; 147 പേരെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്‌: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. വീടുകൾ തകർന്നും വെള്ളം കയറിയും ദുരിതത്തിലായ 147 പേരെ അഞ്ച്‌ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു. 24 വീട്‌ ഭാഗികമായും ഒരു വീട്‌ പൂർണമായും തകർന്നു. ഭട്ട്‌റോഡ്‌ മേഖലയിൽ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി.

കുറ്റ്യാടി, ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ ജലനിരപ്പ്‌ ഉയർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. ചോറോട്‌ പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ പുരോഗമിക്കുകയാണ്‌. ഭട്ട്‌റോഡ്‌ 72ാം വാർഡിൽ മൂന്ന്‌ വീടുകളിലാണ്‌ വെള്ളം കയറിയത്‌. ഒരു വീടിന്റെ ഭിത്തി ഇടിഞ്ഞു. കടലേറ്റത്തിൽ സമീപത്തെ തെങ്ങ്‌ കടപുഴകി. ഉള്ള്യേരി–കൊയിലാണ്ടി സംസ്ഥാന പാതയ്‌ക്കുസമീപമുള്ള റോഡ്‌ മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു. കോഴിക്കോട്‌ അഴകൊടി ക്ഷേത്രത്തിനുസമീപം വലിയ ആൽമരം കടപുഴകി. 
Advertisements
ക്യാമ്പുകൾ 
നാദാപുരം ഗവ. എൽപി സ്‌കൂളിൽ മൂന്ന്‌ കുടുംബങ്ങളിലെ 13 പേരെ മാറ്റിപ്പാർപ്പിച്ചു.  കാവിലുംപാറ ബഡ്‌സ്‌ സ്‌കൂളിൽ അഞ്ച്‌ കുടുംബങ്ങളിലായി 20 പേർ, ബാലുശേരി ജിഎൽപിയിൽ 20, തിരുത്തിയാട്‌ സ്‌കൂളിൽ നാല്‌ എന്നിങ്ങനെയാണുള്ളത്‌. കോടഞ്ചേരി ചെമ്പുകടവ്‌ ജിഎൽപിഎസിൽ വെണ്ടേകുമ്പോയിൽ കോളനിയിലുള്ള 21 കുടുംബങ്ങളുമുണ്ട്‌.