KOYILANDY DIARY

The Perfect News Portal

വയലിൽ വെള്ളം വറ്റിവരളുന്നു; എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ നെല്‍കർഷകർ

ബാലുശേരി: ഞാറുനട്ട വയലിൽ വെള്ളം വറ്റിവരളുന്നു. എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ നെല്‍കർഷകർ. ചിങ്ങത്തിലും വേനൽക്കാലത്തെ വെല്ലുന്ന കടുത്ത ചൂടിൽ വയലുകളിൽ വെള്ളംവറ്റി. വിത്തിട്ട് മുളച്ചുപൊന്തിയ ഞാറ് പറിച്ചുനടേണ്ട സമയമാണിപ്പോൾ. കർക്കടകത്തിൽ വിത്തിട്ട ഞാറാണ് നടാൻ പാകമായിരിക്കുന്നത്.  ഇനിയും കർഷകർ വിത്തിടാനുമുണ്ട്. 
ബാലുശേരി ബ്ലോക്കിൽ 39 പാടശേഖരസമിതികളിലായി 145 ഹെക്ടറിൽ നെൽകൃഷി ചെയ്യുന്നുണ്ട്. മഴ ചതിച്ചതാണ് കർഷകർക്ക് വിനയായത്. മേടമാസത്തിൽ വിത്തിട്ട കർഷകരുടെ നെൽച്ചെടികൾ വളർന്ന് വലുതായെങ്കിലും വയലിൽ വെള്ളമില്ലാത്തതിനാൽ കതിർ മോശമാകുമെന്നാണ് കർഷകർ പറയുന്നത്. ആഗസ്തില്‍ തീരെ മഴ കിട്ടിയിരുന്നില്ല. പല കർഷകരുടെയും നെൽച്ചെടികൾ ഉണങ്ങുന്നുമുണ്ട്.
Advertisements
വെള്ളമില്ലാത്തതിനെ തുടർന്ന് കൃഷിയിറക്കിയ വയലിൽ നിലം വിണ്ടുകീറിയിട്ടുണ്ട്. സംഘകൃഷിയിലൂടെയും വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കിയത്. കാലവർഷം ദുർബലമായത് ഏറ്റവും കൂടുതൽ ബാധിച്ചത് നെൽകൃഷിക്കാരെയാണ്. വയലില്‍ വെള്ളമുണ്ടെങ്കിലെ നെല്‍കൃഷി മുന്നോട്ട് കൊണ്ടുപോകാനാകൂ. ഈ ആഴ്ചയെങ്കിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.