KOYILANDY DIARY

The Perfect News Portal

വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ചേർന്ന്‌ സംഘടിപ്പിച്ച ‘പൊന്നോണം 2023’ ന് ‘ തിരശ്ശീല

കോഴിക്കോട്‌: വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ജില്ലാ ഭരണകേന്ദ്രവും ചേർന്ന്‌  സംഘടിപ്പിച്ച ഓണാഘോഷത്തിന്‌ വർണാഭ സമാപ്‌തി. ‘പൊന്നോണം 2023’ ആഘോഷ പരപാടികൾക്ക്‌ ഞായറാഴ്‌ച തിരശ്ശീല വീണു. കോഴിക്കോട് ബീച്ച്, ബേപ്പൂർ മിനി സ്റ്റേഡിയം, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, മാനാഞ്ചിറ, ടൗൺഹാൾ എന്നിവിടങ്ങളിലായി നടന്ന വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങളാണ്‌ എത്തിയത്‌.

സംഗീതവിരുന്നും നൃത്തപരിപാടികളുമായി ബീച്ച്‌ ജനസാഗരമായി. ചലച്ചിത്രതാരങ്ങളായ ജയറാം, റീമ കല്ലിങ്കൽ, നിവിൻ പോളി, മമിത ബൈജു, ആർഷ ചാന്ദിനി എന്നിവർ പരിപാടികൾക്ക്‌ നിറം പകരാനെത്തി. ഞായറാഴ്‌ച എം ജി ശ്രീകുമാർ നയിച്ച സംഗീതസന്ധ്യ കടപ്പുറത്തെ ഇളക്കി മറിച്ചു. ബേപ്പൂർ മിനി സ്‌റ്റേഡിയത്തിൽ വിരുന്നെത്തിയ ആഘോഷരാവുകളെ ജനം ഏറ്റെടുത്തു.
വീണ ഫ്യൂഷനും ക്ലാസിക്കൽ സംഗീതവും മോഹിനിയാട്ടവും തളിയെ വിരുന്നൂട്ടി. സംഗീത ബാൻഡും ഖവാലിയും ദേവരാജൻറെ സംഗീതരാവും ഭട്ട്‌ റോഡ്‌ ബീച്ചിലും ഗസലും ഗാനമേളയും കുറ്റിച്ചിറയിലും ഓണനിലാവ്‌ പരത്തി. ടൗൺഹാളിൽ നാടകം പെയ്‌തിറങ്ങി. നാടൻ കലാരൂപങ്ങളാൽ മാനാഞ്ചിറയും കാഴ്‌ചയുടെ സമൃദ്ധി പകർന്നു.  ഞായറാഴ്‌ച തളിയിൽ മോഹിനിയാട്ടവുമായി വിനീത നെടുങ്ങാടിയും സംഘവും ആസ്വാദകഹൃദയം കീഴടക്കി. കെ എസ് ചിത്ര പാടിയ ഗാനങ്ങൾ കോർത്തിണക്കിയ ‘ചിത്ര @ 60’ കുറ്റിച്ചിറയിൽ കൈയ്യടി നിറച്ചു.