KOYILANDY DIARY

The Perfect News Portal

അടയ്ക്കാത്തോടിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

 കണ്ണൂർ: അടയ്‌ക്കാത്തോട് കരിയംകാപ്പിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. വ്യാഴാഴ്ച പകൽ മൂന്നോടെ കരിയംകാപ്പിലാണ്‌ വനംവകുപ്പ് വെറ്ററിനറി വിഭാഗം ഡോക്ടർമാരായ അരുൺ സത്യന്റെയും ആർ രാജിന്റെയും നേതൃത്വത്തിലുള്ള സംഘം രണ്ടുവയസ് പ്രായമുള്ള ആൺ കടുവയെ മയക്കുവെടിവെച്ച്‌ പിടിച്ചത്‌. ചികിത്സയ്‌ക്കായി കണ്ണവം റെയ്ഞ്ച് വനം ഓഫീസിലേക്ക് മാറ്റിയ കടുവ രാത്രി ഒമ്പതു മണിയോടെയാണ്‌ ചത്തത്‌. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരം ശനിയാഴ്‌ച പോസ്റ്റുമോർട്ടം നടത്തും.

മുള്ളൻപന്നിയെ ഇരതേടുന്ന സമയത്തുണ്ടായ മുറിവുകൾമൂലം മുഖത്തും നെഞ്ചിലും പഴുപ്പോടുകൂടിയ വ്രണങ്ങളുണ്ടായിരുന്നു. അനീമിയയും ബാധിച്ച്‌ അവശനിലയിലായിരുന്നു കടുവ. 24 മണിക്കൂർ നിരീക്ഷിച്ചശേഷം മറ്റു നടപടിക്രമങ്ങൾ തുടരാനായിരുന്നു ശ്രമമെന്ന്‌ കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ സുധീർ നാരോത്ത് പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ മുതൽ യക്ഷിക്കോട്ട കേന്ദ്രീകരിച്ചുള്ള തിരച്ചിലിൽ രണ്ടോടെയാണ്‌ കടുവയെ കണ്ടെത്തിയത്‌. തുടർന്ന്‌, മയക്കുവെടിവച്ചു. ആറു ദിവസമായി കടുവയ്‌ക്കായി വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തുകയായിരുന്നു. അടയ്‌ക്കാത്തോടിൽ ബുധനാഴ്‌ച തിരച്ചിലിനിടെ പാഞ്ഞടുത്ത കടുവയിൽനിന്ന്‌ രക്ഷപ്പെടാൻ വനപാലകർ വെടിയുതിർത്തിരുന്നു. 

Advertisements