മൂന്നാറിൽ താപനില 8.3 ഡിഗ്രി സെൽഷ്യസിൽ
മൂന്നാർ: ക്രിസ്‌മസ് – പുതുവത്സരക്കാലത്ത് മൂന്നാറിൽ താപനിലകുറയുന്നു. 8.3 ഡിഗ്രി സെൽഷ്യസിലാണ് താപനില രേഖപ്പെടുത്തിയത്. ബുധനാഴ്‌ച സംസ്ഥാനത്തെ ഏറ്റവും താഴ്‌ന്ന താപനില കുണ്ടള ഐ എം ഡി കാലാവസ്ഥ സ്‌റ്റേഷനിലാണ് രേഖപ്പെടുത്തിയത്. സാധാരണ മൈനസിലേക്ക് വരേണ്ട സമയമാണിത്.

ഡിസംബർ ആദ്യപകുതിയിൽ മഴപെയ്‌തതും കാറ്റും കാലാവസ്ഥയുടെ താളംതെറ്റിച്ചു. ജനുവരിയിൽ താപനില മൈനസിലെത്തുമെന്നാണ് സഞ്ചാരികളുടെ പ്രതീക്ഷ. ക്രിസ്‌മസ് – പുതുവത്സരത്തിനായി വിനോദ കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിൻ്റ് എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ്ക്കണക്കിന് സഞ്ചാരികൾ ബോട്ടിങ് നടത്തി.

ഫോട്ടോ പോയിന്റ്, കെഎഫ്സിസിയുടെ പൂന്തോട്ടം, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക് എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. പുതുവത്സരം പ്രമാണിച്ച് സന്ദർശകരുടെ തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.




