KOYILANDY DIARY

The Perfect News Portal

ശബരിമലയിൽ അരവണയുടെ വിൽപ്പന തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവിനെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ അരവണയുടെ വിൽപ്പന തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെ വീണ്ടും വിമർശിച്ച്‌ സുപ്രീംകോടതി. കീടനാശിനി സാന്നിധ്യമുള്ള ഏലക്കയുണ്ടെന്ന ആരോപണത്തെ തുടർന്നാണ്‌ ഹൈക്കോടതി വിൽപ്പന തടഞ്ഞത്‌. എന്നാൽ, കരാർ ലഭിക്കാത്ത സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ്‌ ഈ ആരോപണം ഉന്നയിച്ച്‌ ഹർജി നൽകിയതെന്ന വസ്‌തുത ഹൈക്കോടതി വിസ്‌മരിക്കരുതായിരുന്നു. ഇത്തരം ഹർജികൾ ഹൈക്കോടതി ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ, ജസ്റ്റിസ്‌ പി എസ്‌ നരസിംഹ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ഏലക്ക വിതരണം ചെയ്‌ത കരാറുകാരനെ വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കിയാണ്‌ സുപ്രീംകോടതി വീണ്ടും ഹൈക്കോടതി ഉത്തരവിനെതിരെ ആഞ്ഞടിച്ചത്‌. നേരത്തെ, ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ നൽകിയ അപ്പീൽ നേരത്തെ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഏലക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന്‌ 6.65 ലക്ഷം ടിൻ അരവണ വിൽക്കുന്നത്‌ ഹൈക്കോടതി തടഞ്ഞു. പിന്നീട്‌, ഫുഡ്‌ സേഫ്‌റ്റി സ്റ്റാൻഡേർഡ്‌ അതോറിറ്റി നടത്തിയ പരിശോധനകളിൽ ഏലക്കയിൽ കീടനാശിനി ഇല്ലെന്ന്‌ വ്യക്തമായി. അതേസമയം, ഹൈക്കോടതി വിധിയെ തുടർന്ന്‌ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന അരവണ ഉപയോഗശൂന്യമായിത്തീർന്നു.