KOYILANDY DIARY

The Perfect News Portal

പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യം നടപ്പാക്കാനാകില്ലെന്ന്‌ സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിൽ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇൻസാഫ്’ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭയാശങ്കകളുണ്ടാക്കുന്ന പല വാർത്തകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നു. അപ്പോഴും കേരളം സാഹോദര്യത്തിന്റെ പ്രത്യേക തുരുത്തായി നിലനിൽക്കുന്നു. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അരക്ഷിതത്വ മനോഭാവം വളർന്നുവരുന്നുണ്ട്. ബുൾഡോസർ ഉപയോഗിച്ച്‌ വീടുകളും കച്ചവടസ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർക്കുന്ന സംഭവങ്ങളുണ്ടായി. നാനാത്വത്തിൽ ഏകത്വം എന്നത്‌ മാറ്റി ‘ഏകത്വം’ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഇന്ത്യയിൽ വ്യാപകമാകുകയാണെന്നും -മുഖ്യമന്ത്രി പറഞ്ഞു. 

 

 മതനിരപേക്ഷ സമൂഹമായി തുടരുന്നതിന് വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ല. വർഗീയ സംഘർഷങ്ങളില്ല എന്നതുകൊണ്ട് കേരളത്തിൽ വർഗീയ ശക്തികളില്ല എന്നർത്ഥമില്ല. അവർ തലപൊക്കുമ്പോൾ എതിർത്തുതോൽപ്പിക്കാനുള്ള ജാഗ്രത നമ്മൾ കാണിക്കുന്നുണ്ട്‌. എല്ലാ അർത്ഥത്തിലും മതനിരപേക്ഷതയുടെ വിളനിലമാണ്‌ നമ്മുടെ നാട്‌. ജാതിസെൻസസ് നടത്തണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. നടത്തേണ്ടത്‌ കേന്ദ്രസർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Advertisements