KOYILANDY DIARY.COM

The Perfect News Portal

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കരുനാഗപ്പള്ളിയിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 20 വർഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷവും പത്തുമാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ് മിനിമോൾ ആണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ പ്രതി വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്ന് ശാസ്താംകോട്ട പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി.

 

വിചാരണ നടക്കുന്ന സമയം പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രകാരം റിപ്പോർട്ടിൽ സൂചിപ്പിച്ചതിനേക്കാൾ കൂടുതൽ ഗൗരവമായ ലൈംഗികാതിക്രമം പ്രതി നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടു. ഇതുപ്രകാരം കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. ശാസ്താംകോട്ട ഇൻസ്‌പെക്ടറായിരുന്ന എ അനൂപ് അന്വേഷണം നടത്തിയ കേസിൽ എസ്ഐ രാജേന്ദ്രനാണ് അന്തിമ റിപ്പോർട്ട് ഹാജരാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടർ എൻ സി പ്രേമചന്ദ്രൻ ഹാജരായി.

Advertisements
Share news