KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; മന്ത്രി എം ബി രാജേഷ്

കോഴിക്കോട്: പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്നടിഞ്ഞ കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നവകേരള സൃഷ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിന്റെ അവശേഷിപ്പുകളില്ലാത്ത രീതിയില്‍  പശ്ചാത്തല വികസനം, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നു. വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം  കേരളത്തിന്റെ വികസനം നടപ്പാക്കാനായി. ലൈഫ്, കെ ഫോണ്‍, നാഷ്ണല്‍ ഹൈവേ നിര്‍മ്മാണം, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി നാടിന്റെ സമസ്ത മേഖലകളിലും വികസനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

 

ലൈഫ് പദ്ധതിയിലൂടെ 3,56,108 വീടുകള്‍ വച്ച് നല്‍കി. 12,500 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വീട് എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ആ വ്യക്തിയുടെ അവകാശത്തിനും അന്തസിനും ആത്മാഭിമാനത്തിനും വില കല്‍പിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 66 ലക്ഷം പേര്‍ക്ക് 57,063 കോടി രൂപ ക്ഷേമ പെന്‍ഷനായി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. തൊഴിലുറപ്പ് മേഖലയില്‍ സോഷ്യല്‍ ഓഡിറ്റ് 100 ശതമാനം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.

Advertisements

 

ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതും നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനവും കേരളമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നടന്ന 19,644 പി എസ് സി നിയമനത്തില്‍ 15,146 നിയമനങ്ങളും കേരളത്തിലാണ്. ദേശീയപാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാനാവും. ഇതോടെ സാമ്പത്തിക വളര്‍ച്ച, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ കേരളത്തിന് കഴിയും.

 

മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നിര്‍മ്മാണവും അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടൂറിസം മേഖലയുടെ വളര്‍ച്ച മുന്നില്‍ കണ്ട് കോവളം മുതല്‍ ചേറ്റുവ വരെ നടപ്പിലാക്കുന്ന ജലപാത ജനുവരിയോടെ പൂര്‍ത്തിയാവും. കേരള വികസനത്തിന്റെ ബദല്‍ നയങ്ങളെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയെന്നതിന്റെ സ്വീകാര്യതയാണ് നവകേരള സദസ്സിലെ ജനപങ്കാളിത്വമെന്നും അദ്ദേഹം പറഞ്ഞു.

 

Share news