KOYILANDY DIARY.COM

The Perfect News Portal

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

ആലുവ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ശിവദാസമേനോൻ നഗറിൽ (ആലുവ മഹാത്മാഗാന്ധി ടൗൺ ഹാൾ) സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് പി കരുണാകരൻ അധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണിക്കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം സമ്മേളനനഗരിയിൽ എത്തിച്ച കൊടിമരവും പതാകയും സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, സിഐടിയു ഏരിയ സെക്രട്ടറി പി എം സഹീർ എന്നിവർ ഏറ്റുവാങ്ങി. കെഡബ്ല്യുഎഇയു സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സാംസൺ ക്യാപ്റ്റനും ആലപ്പുഴ ജില്ലാ സെക്രട്ടറി ബി എസ് ബെന്നി മാനേജരുമായ പതാകജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാന സെക്രട്ടറി കെ ജി ബിന്ദു ക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് ആർ ചന്ദ്രൻ മാനേജരുമായ കൊടിമരജാഥ കളമശേരി ഇ ബാലാനന്ദൻ സ്മൃതിമണ്ഡപത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. ആലുവ ബൈപാസ് ജങ്‌ഷനിൽനിന്ന്‌ സമ്മേളനനഗരിയിലേക്ക് വിളംബരജാഥയുടെ അകമ്പടിയോടെയാണ്‌ ജാഥകളെ സ്വീകരിച്ചത്.

Advertisements

 

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ രാജു, എം ആർ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. വ്യാഴം വൈകിട്ട് നാലിന് എഫ്ബിഒഎ ഹാളിൽ ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് നാലിന് സുഹൃദ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും ശനിയാഴ്ച വൈകിട്ട് നാലിന് യാത്രയയപ്പ് സമ്മേളനം മന്ത്രി പി രാജീവും ഉദ്ഘാടനം ചെയ്യും.

 

Share news