KOYILANDY DIARY.COM

The Perfect News Portal

സൊമാലിയന്‍ തീരത്ത് നിന്ന് കപ്പല്‍ തട്ടിക്കൊണ്ടുപോയി

സൊമാലിയന്‍ തീരത്ത് നിന്ന് ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ഐഎന്‍എസ് ചെന്നൈ ചരക്കുകപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു.

കപ്പല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സംഘത്തില്‍ ആരെല്ലാമുണ്ടെന്നത് സംബന്ധിച്ച് യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇന്നലെ വൈകീട്ടാണ് കപ്പല്‍ തട്ടിക്കൊണ്ട് പോയതെന്ന് നാവികസേന സ്ഥിരീകരിച്ചു. എംവി ലില നോര്‍ഫോര്‍ക്ക് എന്ന കാര്‍ഗോ ഷിപ്പാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും നാവികസേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

നാവികസേനയുടെ വിമാനങ്ങളും പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കപ്പല്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് നാവികസേന കണ്ടെത്തിയതായാണ് വിവരം. കപ്പലിലെ ചില ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും നാവികസേനയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Advertisements
Share news