KOYILANDY DIARY.COM

The Perfect News Portal

നരഭോജി കടുവയെ പിടികൂടാനായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് കൂടല്ലൂരിലെ നരഭോജി കടുവയെ പിടികൂടാനായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു. കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കടുവയെ പിടിക്കാനായി മൂന്നിടത്താണ് കൂട് വച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത് കൂടിപോയ കടുവ പക്ഷേ കൂട്ടില്‍ കയറിയില്ല. നരഭോജി കടുവയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ സമയവും സന്ദര്‍ഭവും സ്ഥലവുമൊത്താല്‍ മയക്കുവെടി വെയ്ക്കുന്നതിലേക്ക് ദൗത്യസംഘം കടക്കും. 

കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. ഡോ. അരുണ്‍ സക്കറിയ കൂടല്ലൂരില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തി. സംഘത്തിനൊപ്പം രണ്ട് കുങ്കിയാനകളുമുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളെയാണ് കൂടല്ലൂരില്‍ എത്തിച്ചത്. ഇന്ന് കുങ്കികളെ ഉപയോഗിച്ചാവും തെരച്ചില്‍ നടത്തുക.

 

വനംവകുപ്പിന്റെ ഡേറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള ‘ഡബ്ല്യുഡബ്ല്യുഎല്‍ 45’ എന്ന ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്.

Advertisements
Share news