ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയമിച്ച ജെ ബി കോശി കമീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കും; വി അബ്ദുറഹിമാൻ
തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് നിയമിച്ച ജെ ബി കോശി കമീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുകൾ പഠിക്കുകയാണ്. ഇവ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് സർക്കാർ.

അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽനിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചശേഷം ഇവ പരിശോധിക്കുന്നതിന് യോഗം വിളിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏറ്റവും കൂടുതൽ നടപടികളെടുത്ത സർക്കാരാണ് കേരളത്തിലേത്.

കേരളത്തിലെ മതസൗഹാർദത്തിന് വിലങ്ങുതടിയായി ചില മതനേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് പറയാനെന്തവകാശമാണ് അവർക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. പാളയം ജുമാ മസ്ജിദ് ഇമാം ഡോ. വി പി സുഹൈബ് മൗലവി, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.




