KOYILANDY DIARY

The Perfect News Portal

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു.

ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

 

എന്നാല്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ഈജിപ്ത് പ്രസിഡണ്ട് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി. റഫ അതിര്‍ത്തിയില്‍ 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി കാത്തു കിടപ്പാണ്.

Advertisements

 

100 ട്രക്കുകള്‍ക്കെങ്കിലും ഗാസയിലേക്ക് അനുമതി നല്‍കണമെന്ന് രക്ഷാ സമിതിയില്‍ യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താല്‍ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പക വീട്ടരുതെന്നും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്ന് ഇസ്രയേലിനും അമേരിക്ക മുന്നറിയിപ്പ് നല്‍കി.