KOYILANDY DIARY

The Perfect News Portal

ഗാസയിൽ ആയിരത്തിലധികം പേർക്ക് പരിക്ക്; ശസ്ത്രക്രിയ വരാന്തകളിൽ

ഗാസ: ഗാസയിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ശസ്ത്രക്രിയ വരാന്തകളിൽ നിന്ന് നടത്തുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ സർവ മര്യാദകളും ലംഘിച്ച്‌ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നേക്കും. ഗാസ നഗരത്തിൻറെ തെക്ക്‌ സെയ്‌തൂണിൽ ക്രൈസ്‌തവ രൂപത നടത്തുന്ന അൽ അഹ്‌ലി അറബ്‌ ആശുപത്രിയിലേക്ക്‌ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം.

Advertisements

ആശുപത്രികളെ ലക്ഷ്യം വയ്‌ക്കരുതെന്ന അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയ ഗുരുതര യുദ്ധക്കുറ്റമാണ്‌ ഉണ്ടായത്‌. 18 മണിക്കൂർ പിന്നിടുമ്പോഴും അവശിഷ്‌ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ തിരയുകയാണ്‌ അധികൃതരും നാട്ടുകാരും. ബുധനാഴ്ച വൈകിട്ടുവരെ 471 മൃതദേഹം കണ്ടെത്തിയെന്ന്‌ പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർക്ക്‌ പരിക്കേറ്റു. 314 പേർ ചികിത്സയിലാണ്‌. 28 പേരുടെ നില അതീവ ഗുരുതരം. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്‌. ചികിത്സയ്ക്കെത്തിയവരും ആശുപത്രിയിൽ അഭയം തേടിയവരുമുണ്ട്‌.

 

ആവശ്യത്തിന്‌ മരുന്നോ   ഉപകരണങ്ങളോ ഇല്ലാത്തത്‌ ചികിത്സയ്ക്ക്‌ തടസ്സമാകുന്നു. ഡോക്ടർമാർ വരാന്തകളിൽനിന്ന്‌ ശസ്ത്രക്രിയ നടത്തുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ഇസ്രയേലാണ്‌ വ്യോമാക്രമണം നടത്തിയതെന്ന്‌ ഹമാസ്‌ ആരോപിച്ചു. എന്നാൽ, ഗാസയിൽനിന്നുതന്നെ തൊടുത്ത റോക്കറ്റാണ്‌ ആശുപത്രിയിൽ പതിച്ചതെന്ന്‌ ഇസ്രയേൽ സൈന്യവും സർക്കാരും അവകാശപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഈ നിലപാട്‌ ആവർത്തിച്ചു. ഗാസയിലെ ഇസ്ലാമിക്‌ ജിഹാദിൻറെ റോക്കറ്റാണ്‌ ആശുപത്രിയിൽ പതിച്ചതെന്നാണ്‌ ഇസ്രയേൽ ആരോപണം. എന്നാൽ, ഹമാസും ഇസ്ലാമിക്‌ ജിഹാദും ഇത്‌ നിഷേധിച്ചു.

Advertisements

 

ആശുപത്രി പരിസരത്ത്‌ ഹമാസ്‌ താവളമുണ്ടെന്ന്‌ തെറ്റിദ്ധരിച്ച്‌ ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നെന്ന്‌ യു എന്നിലെ പലസ്തീൻ സ്ഥാനപതി റിയാദ്‌ മൻസൂർ പറഞ്ഞു.ആശുപത്രി ആക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമായി. ലോകമെങ്ങും പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബൈഡനുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കിയതായി പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ്‌ അബ്ബാസ്‌ അറിയിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന്‌ ജോർദാൻ അറിയിച്ചു.

ജോർദാനിലെത്തി ഭരണാധികാരി അബ്ദുള്ള, ഈജിപ്ത്‌ പ്രസിഡണ്ട് അബ്ദുൾ ഫത്താ അൽസിസി എന്നിവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന്‌ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. എന്നാൽ ഇതുസംബന്ധിച്ച്  യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം യുഎസ്‌ വീറ്റോ ചെയ്‌തു.  ഈജിപ്‌ത്‌ വഴി ഗാസയിലേക്ക്‌ സഹായം എത്തിക്കാൻ ധാരണയായതായി യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു.