KOYILANDY DIARY.COM

The Perfect News Portal

കൽക്കരി വില ഇരട്ടിയാക്കി; അദാനി കൊള്ളയടിച്ചത് കോടികളെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി: വില ഇരട്ടിയാക്കി കാണിച്ച്‌ 41,640 കോടി രൂപയുടെ കൽക്കരി ഇറക്കുമതി ചെയ്‌തതിലൂടെ അദാനി കമ്പനി കൊള്ളയടിച്ചത് കോടികളെന്ന് റിപ്പോർട്ട്‌. ഇതുപയോഗിച്ച്‌ ഉണ്ടാക്കിയ വൈദ്യുതിയിലൂടെ കോടിക്കണക്കിന്‌ ഉപയോക്താക്കളിൽനിന്ന്‌ അമിതനിരക്ക്‌ ഈടാക്കിയതായും ലണ്ടൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ്‌ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഹിൻഡൻബർഗ്‌ റിപ്പോർട്ടിൽ അദാനിയുടെ രഹസ്യ ഓഹരി പങ്കാളിയെന്ന്‌ കണ്ടെത്തിയ തയ്‌വാൻ വ്യവസായിയെ ഇടനിലക്കാരനാക്കിയാണ്‌ കള്ളക്കളിയെന്നും ഇതിലൂടെ 52 ശതമാനംവരെ ലാഭം നേടിയെന്നുമാണ്‌ റിപ്പോർട്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചങ്ങാത്തത്തിലൂടെ അദാനി രാജ്യത്തെ ഏറ്റവും വലിയ ഊർജ ഉൽപ്പാദകനും തുറമുഖ കൈകർത്താവുമായി മാറിയിരുന്നു. ഈ സാഹചര്യമുപയോഗിച്ചാണ്‌ തട്ടിപ്പ്‌.

 

ഹിൻഡൻബർഗും പിന്നീട് ഫിനാൻഷ്യൽടൈംസും ഉന്നയിച്ച കൽക്കരി ഇറക്കുമതി  സംബന്ധിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചു. കൽക്കരി ഇറക്കുമതിയിലെ അമിത മൂല്യനിർണയ പ്രശ്നം സുപ്രീംകോടതി  പരിഹരിച്ചതാണെന്ന്‌ അദാനി വ്യക്തമാക്കി. എന്നാൽ അദാനിയുടെ “ഇറക്കുമതി രേഖകളിലെ വില അക്കാലത്ത്‌ നടന്ന അനുബന്ധ കയറ്റുമതികളേക്കാൾ വളരെ കൂടുതലാണ്’ എന്ന് ഫിനാൻഷ്യൽ ടൈംസ്‌ റിപ്പോർട്ടിൽ പറയുന്നു.   

Advertisements

 

2019 ജനുവരിയിൽ അദാനിക്കുവേണ്ടി ഇന്തോനേഷ്യൻ തുറമുഖമായ കലിയോറാങ്ങിൽനിന്ന്‌ 74,820 ടൺ കല്ക്കരിയാണ്‌ ഇറക്കുമതി ചെയ്‌തത്‌. ‘കയറ്റുമതി രേഖകളിൽ കൽക്കരിവില 15.8കോടി രൂപയും ഷിപ്പിങ്, ഇൻഷുറൻസ് എന്നിവയ്ക്ക് 34ലക്ഷം രൂപയുമാണ്‌ ചെലവ്‌ കാണിച്ചിരുന്നത്‌. അദാനി നടത്തുന്ന ഗുജറാത്തിലെ  മുന്ദ്രയിൽ എത്തിയപ്പോൾ  ഇറക്കുമതി മൂല്യം 35 കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുപോലെ മൂന്ന്‌ വർഷങ്ങൾകൊണ്ട്‌ നിരവധി ഇടപാടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്‌.

 

Share news