KOYILANDY DIARY

The Perfect News Portal

പ്ലസ് വൺ വിദ്യാർഥികളെ ക്ലാസ്സിൽ കുത്തിത്തിരുകുന്ന രീതി അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി

കൊയിലാണ്ടി: പ്ലസ് വൺ വിദ്യാർഥികളെ ക്ലാസ്സിൽ കുത്തിത്തിരുകുന്ന രീതി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. മലബാറിലെ ജില്ലകളിൽ ആവശ്യത്തിന് ബാച്ചുകൾ അനുവദിക്കാതെ മുമ്പോട്ട് പോകുകയും അവസാന നിമിഷം സീറ്റ് വർദ്ധനവ് എന്ന പേരിൽ ഓരോ ക്ലാസിലും 65 കുട്ടികളെ വീതം കുത്തിനിറക്കുകയും ചെയ്യുന്ന അശാസ്ത്രീയവും വിദ്യാർത്ഥി വിരുദ്ധവുമായ സമീപനമാണെന്ന്  വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
തെക്കൻ ജില്ലകളിൽ 105 അധിക ബാച്ചുകൾ ആവശ്യത്തിന് കുട്ടികളില്ലാതെ ഇപ്പോഴും നിലനിൽക്കുന്നു. അവ അടിയന്തിരമായി മലബാർ ജില്ലകളിലോട്ട് മാറ്റി പ്ലസ് വൺ സീറ്റ് വിവേചനം അവസാനിപ്പിക്കണം. 2014 ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ലബ്ബ കമ്മീഷൻ ഒരു ഹയർ സെക്കൻഡറി ക്ലാസിൽ  അൻപത് കുട്ടികളിൽ അധികം പാടില്ല എന്ന് റിപ്പോർട്ട് നൽകിയതാണ്.
Advertisements
തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടെ ഭാവിയോർത്ത് അധ്യാപക സംഘടനകളും ഈ വിഷയം ഗൗരവത്തിൽ എടുക്കുകയും ജനാധിപത്യപരമായി പ്രതികരിക്കുകയും ചെയ്യണം. കുട്ടികളുടെ വിഷയമായതിനാൽ അധ്യാപക സംഘടനകളും മറ്റു സാംസ്കാരിക സംഘടനകളും ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് നമ്മുടെ പൗരത്വബോധത്തിന് ഒട്ടും ചേർന്നതല്ല.
കൊയിലാണ്ടി മണ്ഡലത്തിൽ മാത്രം 1500ലധികം സീറ്റുകളുടെ കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ വിഷയം എംഎൽഎ അടിയന്തരമായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തണം. മണ്ഡലം കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡണ്ട്  വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുറക്കാട് എം റഫീക്ക് സ്വാഗതവും വൈസ് പ്രസിഡണ്ട് മുജീബലി നന്ദിയും പറഞ്ഞു.