KOYILANDY DIARY

The Perfect News Portal

ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തെപ്പറ്റി വ്യക്തമായ വിവരം കിട്ടിയതായി പോലീസ്

താമരശേരി: ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി  തടങ്കലിൽവച്ചശേഷം വിട്ടയച്ച പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി (38) യുമായി  അന്വേഷകസംഘം മൈസൂരുവിൽ തെളിവെടുപ്പ് നടത്തി.  തട്ടിക്കൊണ്ടുപോയ നാല്‌ പ്രതികളിൽ ചിലരുടെ ഫോട്ടോ തിരിച്ചറിഞ്ഞതായാണ്‌ വിവരം. പ്രതികളെക്കുറിച്ച്‌ വ്യക്തമായ ധാരണ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സംഘത്തിലെ ഉയരമുള്ളയാളെക്കുറിച്ച്‌ ഷാഫി വിവരം നൽകി.  പ്രതികളിൽ ചിലർ രാജ്യം വിട്ടതായും സൂചനയുണ്ട്‌. വിദേശത്ത്‌ നടന്ന സാമ്പത്തിക ഇടപാടിന്റെ പേരിലാണ്‌ ക്വട്ടേഷൻ സംഘം ഷാഫിയെ കടത്തിക്കൊണ്ടുപോയത്‌.
 മോചിപ്പിച്ചശേഷം ഷാഫി ഇറങ്ങിയ മൈസൂരു സ്റ്റാൻഡിലും ബസ്സിൽ കയറ്റിവിട്ട മേഖലയിലും ഡിവൈഎസ്‌പി അഷ്‌റഫ് തെങ്ങിലക്കണ്ടിയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം തെളിവെടുത്തു.
 തടങ്കലിൽവച്ച അജ്ഞാതകേന്ദ്രത്തിൽനിന്ന്‌ മൈസൂരുവിലെത്താൻ നാലുമണിക്കൂറിലധികം സമയമെടുത്തെന്നാണ് ഷാഫിയുടെ മൊഴി. അജ്ഞാതകേന്ദ്രത്തിൽനിന്ന്‌ ക്വട്ടേഷൻ സംഘാംഗങ്ങളുടെ കൂടെ ഓട്ടോയിൽ  രണ്ട് മണിക്കൂറോളം സഞ്ചരിച്ചാണ് കർണാടകയിലെ ഒരു ഉൾനാടൻ ബസ് സ്റ്റാൻഡിലെത്തിയത്. അവിടെ നിന്ന്‌ കർണാടക ആർടിസിയുടെ മൈസൂരിലേക്കുള്ള ബസ്സിൽ കയറ്റി ടിക്കറ്റെടുത്തശേഷം ക്വട്ടേഷൻ സംഘാംഗങ്ങളിലൊരാൾ ഷാഫിക്കൊപ്പം അരമണിക്കൂറോളം ബസ്സിൽ യാത്ര ചെയ്‌തു.
Advertisements
വേറെയും സംഘാംഗങ്ങൾ ബസ്സിലുണ്ടെന്ന്‌ പറഞ്ഞാണ് ഇയാൾ ഇടയ്ക്ക് ഇറങ്ങിയത്.
കൊടുവള്ളി സ്വദേശിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും മാസങ്ങൾക്കുമുമ്പ്‌ ഷാഫിയുടെ വീട്ടിൽ ചെന്ന്‌ അയാൾ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തട്ടിക്കൊണ്ടുപോയത്‌ കൊടുവള്ളി സംഘം തന്നെയാണെന്നാണ്‌ ഷാഫിയുടെ ബന്ധുക്കൾ കരുതുന്നത്‌. തട്ടിക്കൊണ്ടുപോയവർ പൊലീസ്‌ പിടിയിലാവുമെന്നുവന്നപ്പോൾ  11 ദിവസത്തിനുശേഷമാണ്‌ ഷാഫിയെ മൈസൂരുവിൽ ഉപേക്ഷിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ കാസർകോട്‌ സ്വദേശി ഹുസൈനെ പൊലീസ്‌  വിശദമായി ചോദ്യംചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങി.